Sat. Jan 18th, 2025

ആഗോളതലത്തില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നുത്. കളിച്ചു നടക്കേണ്ട പ്രായത്തിലും വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലും നിര്‍ബന്ധിതരായി കുട്ടികള്‍ പണിയെടുക്കേണ്ടി വരുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ 2002 മുതല്‍ ജൂണ്‍ 12, ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.

ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഇന്ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ബാലവേല ഉന്മൂലനം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കായുള്ള ഓര്‍മ്മപ്പെടുത്തലിന് കൂടി വേണ്ടിയാണ് ഈ ദിനം. ‘എല്ലാവര്‍ക്കും സാമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചാരണത്തിന്റെ വിഷയം.

വിദ്യാഭ്യാസം നേടേണ്ട കുട്ടികളെ തൊഴിലെടുപ്പിക്കുന്നതിലൂടെ ശാരീരികമായോ മാനസികമായോ ചൂഷ്ണത്തിനിരയാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കുട്ടികളുടെ നിഷ്‌കളങ്കതയും ബാല്യവും കവര്‍ന്നെടുക്കുന്ന ബാലവേലകള്‍ ദരിദ്ര രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ ലോകമെമ്പാടുമുള്ള ബാലവേല നിര്‍മ്മാർജനത്തിനും അവയ്‌ക്കെതിരെ ബോധവല്‍ക്കരണം നടത്താനും യോജിച്ച നടപടികള്‍ കൈക്കൊള്ളാനുമാണ് ഐല്‍ഒ ബാലവേല വിരുദ്ധദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ബാലവേല നിര്‍മ്മാര്‍ജനത്തിലൂടെ തൊഴില്‍ മേഖലയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക മാത്രമല്ല ഐഎല്‍ഒ ചെയ്യുന്നത്, അവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സംവിധാനങ്ങളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. മോശപ്പെട്ട കുടുംബ സാഹചര്യങ്ങളാണ് മിക്ക കുട്ടികളെയും ബലാവേലയ്ക്ക് നിര്‍ബന്ധിതരാക്കുന്നത്. ശാരീരികമായ അധ്വാനം വേണ്ട ജോലികളിലാണ് കുട്ടികളെ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ശാരീരിക, മാനസിക പീഡനങ്ങള്‍ക്കു പുറമേ കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരായുകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 160 മില്യണ്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്. ഇവരില്‍ 72 മില്യണ്‍ കുട്ടികളാകട്ടെ അപകടകരമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. 2000 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബാലവേല ചെയ്യുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. ബാലവേല ചെയ്യുന്നവരുടെ എണ്ണം 16 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

യൂണിസെഫിന്റെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവുമധികം കുട്ടികള്‍ തൊഴിലെടുക്കുന്ന രാജ്യം ഇന്ത്യയാണ്. 2011 ലെ സെന്‍സസ് പ്രകാരം ഒരു കോടിയിലധികം കുട്ടികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ 80 ലക്ഷത്തോളം കുട്ടികള്‍ ഗ്രാമങ്ങളിലും 20 ലക്ഷത്തോളം പേര്‍ നഗരങ്ങളിലുമായാണ് പണിയെടുക്കുന്നത്. അതായത് ഇന്ത്യയിലെ ഓരോ 11 കുട്ടികളിലും ഓരാള്‍ ബാലവേലയ്ക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

2017 ല്‍ ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവരുടെ എണ്ണത്തില്‍ 509 ശതമാനം വര്‍ധനവ് കണ്ടെത്തിയിരുന്നു. കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷേന്‍(കെഎസ്‌സിഎഫ്) നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്. അതേസമയം, ഇന്ത്യയില്‍ കണക്കുകള്‍ ഉയരുംമ്പോഴും രാജ്യത്തിന് തന്നെ മാതൃകയാകുന്ന ബാലവേല നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നത്.

കേരളത്തില്‍ 0.1 ശതമാനത്തില്‍ താഴെ മാത്രമാണ് ബാലവേല നിരക്ക്. 2012 ജൂണ്‍ 12ന് കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.

ഓരോ കുട്ടിക്കും സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ഉത്തരവാദിത്വം രാഷ്ട്രത്തിനാണുള്ളത്. അതുകൊണ്ട് തന്നെ അഞ്ച് വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഓരോ രാഷ്ട്രവും ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. ബാല വേല പൂര്‍ണമായും തുടച്ചുനീക്കുക എന്നതാണ് ഐഎല്‍ഒയുടെ ലക്ഷ്യം. വളര്‍ന്നു വരുന്ന ഓരോ തലമുറയും ഭാവിയുടെ പ്രതീക്ഷകളാണ്, അതിനാല്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും കുട്ടികള്‍ക്കായുള്ള പ്രത്യേക അവകാശങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തുകയും വേണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം