Mon. Dec 23rd, 2024

ഇന്ത്യയിലെ ജനസംഖ്യയുടെ 53.7 ശതമാനവും കൗമാരപ്രായക്കാരാണുള്ളത് (25 വയസ്സിന് താഴെയുള്ള ആളുകള്‍). രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് 2020 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

എച്ച്ഒഡിയുടെ മുറിയില്‍ നിന്നും ഇറങ്ങി വന്ന ശ്രദ്ധ തന്റെ കൂട്ടുകാരോട് പറഞ്ഞത് ഇങ്ങനെയാണ് ‘എനിക്ക് മടുത്തു; മരിച്ചാല്‍ മതി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന ശ്രദ്ധയെയാണ് സഹപാഠികള്‍ കണ്ടത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ ശ്രദ്ധ സതീശെന്ന ഇരുപതുകാരിയുടെ മരണം വേണ്ടി വന്നു വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റിന്റെ പീഡനങ്ങളെ കുറിച്ച് തുറന്നു പറയാന്‍. കാലങ്ങളായി അമല്‍ജ്യോതി കെട്ടിപ്പൊക്കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടായിരുന്നു മാനേജ്മെന്റിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ജൂണ്‍ രണ്ടിന് ശ്രദ്ധയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണമായി പറയുന്നത്, ലാബില്‍വച്ച് ശ്രദ്ധ മൊബൈല്‍ ഫോണില്‍ എന്തോ നോട്ടിഫിക്കേഷന്‍ നോക്കുന്നത് അധ്യാപകന്‍ കണ്ടുവെന്നതാണ്. ഇതോടെ ലാബില്‍ നിന്ന് എച്ച്ഒഡിയുടെ മുറിയിലേക്ക് വിളിപ്പിച്ച വിദ്യാര്‍ത്ഥിനി വളരെ അസ്വസ്ഥയായാണ് തിരിച്ചെത്തിയത്. അന്ന് രാത്രി 8 മണിയോടെ ശ്രദ്ധ ജീവനൊടുക്കുകയും ചെയ്തു. ആത്മഹത്യചെയ്ത ശ്രദ്ധയെ കോളേജ് അധികൃതര്‍ ആശുപത്രിയിലെത്തിക്കുന്നത് കുഴഞ്ഞു വീണു എന്ന് പറഞ്ഞുകൊണ്ടാണ്. അത്തരത്തിലൊരു കള്ളം പറഞ്ഞത് കാരണം ശ്രദ്ധയ്ക്ക് നല്‍കേണ്ടിയിരുന്ന അടിയന്തര ചികിത്സവൈകിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതി. പിന്നീട് മരിച്ച കുട്ടിക്ക് സപ്ലിമെന്ററി പേപ്പര്‍ ഉണ്ടെന്നും മാനസിക സംഘര്‍ഷം മൂലമാണ് ആത്മഹത്യയെന്നുമാണ് മാനേജ്മെന്റ് എല്ലായിടത്തും ആവര്‍ത്തിച്ച് പറയുന്നത്. കുട്ടിയുടെ ഫോണ്‍ വാങ്ങിവെച്ചതിന് ശേഷവും ആശുപത്രിയില്‍ വെച്ചും രക്ഷിതാക്കളോടും ഇക്കാര്യം തന്നെയാണ് അവര്‍ പറഞ്ഞത്.

ജനഗണമന‘ സിനിമയുടെ തിരക്കഥാകൃത്തും അമല്‍ ജ്യോതി കോളേജ് മുന്‍വിദ്യാര്‍ത്ഥിയുമായ ഷാരിസ് മുഹമ്മദ് പതിന്നാല് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് ഈ കോളേജിന്റെ മാനേജ്മെന്റില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒരവസരം ലഭിക്കുമെങ്കില്‍ ഒരിക്കലും അമല്‍ജ്യോതി തിരഞ്ഞെടുക്കില്ലെന്നാണ് ഷാരിസിന്റെ നിലപാട്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന മാനേജ്മെന്റിന്റെ ക്രൂരതകള്‍ക്ക് 2023-ലും അറുതിയായിട്ടില്ല എന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതികരണം. അമല്‍ജ്യോതിയില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റു മാനേജ്‌മെന്റ് കോളേജുകളിലും ഐഐടികളിലും എന്‍ഐടികളിലും ഐഐഎമ്മുകളിലും കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും മാനസിക പീഡനങ്ങളെയും മറ്റു വിവേചനങ്ങളെയും തുടര്‍ന്ന് നിരവധി ജീവനുകളാണ് പൊലിയുന്നത്.

ഇന്ത്യയിലെ ജനസംഖ്യയുടെ 53.7 ശതമാനവും കൗമാരപ്രായക്കാരാണുള്ളത് (25 വയസ്സിന് താഴെയുള്ള ആളുകള്‍). രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് 2020 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതായത് ഓരോ ദിവസവും 34 ലധികം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. 2021 ലെ എന്‍സിആര്‍ബിയുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങളുടെ എണ്ണം 4.5 ശതാനമായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നും ജാതീയമായ അധിക്ഷേപത്തെ തുടര്‍ന്നും ഓരോ വര്‍ഷവും ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014-21 കാലയളവില്‍ 122 വിദ്യാര്‍ത്ഥികളാണ് പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും കേന്ദ്രസര്‍വകലാശാലകളിലുമായി ജീവനൊടുക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 2021 ഡിസംബറില്‍ ലോക്‌സഭയില്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളിലെ 37 പേരും 34 ഐഐടി വിദ്യാര്‍ത്ഥികളും എന്‍ഐടി വിദ്യാര്‍ത്ഥികളായ 30 പേരും ഐഐഎമ്മിലെ 5 വിദ്യാര്‍ത്ഥികളുമാണ് ഈ കാലയളവില്‍ ജീവനൊടുക്കിയത്.

മരിച്ചവരില്‍ 24 പേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 3 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 41 പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരുമാണെന്ന് കണക്കുകളില്‍ പറയുന്നു. ഒരു അക്കാദമിക് ഭാവി സ്വപ്‌നം കണ്ട് കോളേജുകളിലേക്ക് എത്തുന്ന പുതുതലമുറ മാനസിക സമ്മര്‍ദ്ദങ്ങളിലും പ്രാദേശികവും, ജാതീയവും, സാമുദായികപരമായ വിവേചനങ്ങളിലും മനംനൊന്ത് വിദ്യാഭ്യാസത്തോടൊപ്പം ജീവനും വേണ്ടന്നുവെയ്ക്കുകയാണ്. എന്നാല്‍ ഇത്തരം ആത്മഹത്യകളെ വിദ്യാര്‍ത്ഥികളുടെ മാനസിക വൈകാരിക പ്രശ്നങ്ങളായി മാറ്റുകയാണ് അധികാരികള്‍ ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടായിട്ടും ഈ മരണങ്ങളെല്ലാം അവസാനം വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നമായി മാറുകയാണ്. ഇതുവരെയും നീതി ലഭിക്കാത്ത നിരവധി വിദ്യാര്‍ത്ഥി ആത്മഹത്യകളാണുള്ളത്.

ദര്‍ശന്‍ സോളങ്കി

2023 ഫെബ്രുവരി 12 ന് ഉച്ചയോടെ ബോംബെ ഐഐടിയിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയാണ് ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ദര്‍ശന്‍ സൊളങ്കി ജീവനൊടുക്കിയത്. മൂന്ന് മാസം മുന്‍പ് ഐഐടിയില്‍ എത്തിയ ദര്‍ശന്‍ കടുത്ത ജാതിവിവേചനം നേരിട്ടിരുന്നതായും ഇതാണ് മരണത്തിന് കാരണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. താഴ്ന്ന ജാതിയില്‍ നിന്നുള്ള കുട്ടികളെ പരിഹസിക്കുകയും സംവരണത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ദര്‍ശന്‍ സഹോദരിയോടും അമ്മാവനോടും പറഞ്ഞതായി പിതാവ് ”ദ പ്രിന്റി’ നോട് പറഞ്ഞു.

ബോംബെ ഐഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് സംവരണ വിരുദ്ധ വികാരങ്ങളുടെയും പരിഹാസങ്ങളുടെയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്നതെന്ന് അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ പറയുന്നു. ദര്‍ശന്‍ സോളങ്കിയുടേത് ആത്മഹത്യയല്ലെന്നും ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ സ്വാഭാവിക മരണത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

സച്ചിന്‍ കുമാര്‍ ജെയിന്‍

2023 ഏപ്രില്‍ 1 നാണ് മദ്രാസ് ഐഐടിയില്‍ അവസാനമായി വിദ്യാര്‍ത്ഥി ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. ബംഗാള്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥി സച്ചിന്‍ കുമാര്‍ ജെയിനായിരുന്നു ഗൈഡിന്റെ പീഡനം മൂലം ജീവനവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയെങ്കിലും കുറ്റാരോപിതനായ അധ്യാപകനെ ഗവേഷണ ലാബിലെത്തുന്നത് മാത്രമാണ് ഐഐടി വിലക്കിയത്.

സച്ചിന്റെ മരണം നടന്ന് ഏഴ് ദിവസത്തിന് ശേഷമായിരുന്നു ഈ നടപടി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും ഐഐടി അംഗീകരിച്ചില്ല. ഐഐടിയിലെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ പ്രൊഫസറിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

ഫാത്തിമ ലത്തീഫ്

ഐഐടി മദ്രാസിന്റെ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ പ്രവേശന പരീക്ഷയായ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത് 2019 ലാണ്. സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്റെ മുന്‍വിധികളോടെയുള്ള പെരുമാറ്റവും സാമൂഹ്യ വിവേചനവുമാണ് മരണത്തിന് കാരണമെന്ന് കുറിപ്പെഴുതി വെച്ചാണ് ഫാത്തിമ ജീവനൊടുക്കിയത്. ഫാത്തിമയുടെ മരണം പാര്‍ലമെന്റില്‍ ചര്‍ച്ചയാവുകയും അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടായിരുന്നു മദ്രാസ് ഐഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ‘പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ കാര്യമായി മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് നയിച്ചതെന്നായിരുന്നു’ റിപ്പോര്‍ട്ട്. ഐഐടിയില്‍ മുന്‍പ് നടന്ന ആത്മഹത്യകളും മനോവിഷമം മൂലമാണെന്ന് ഇതിലൂടെ സമര്‍ത്ഥിക്കാന്‍ സമിതിക്ക് സാധിച്ചു. കേസ് അന്വേഷിച്ച സിബിഐയും ഫാത്തിമ ലത്തീഫിന്റേത് ആത്മഹത്യയാണെന്നും ഇതില്‍ ആര്‍ക്കും പങ്കില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

2018 സെപ്റ്റംബറില്‍ മലപ്പുറം സ്വദേശിയായ ഷഹ്ലയും മാനസികമായി നേരിട്ട പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഓഷ്യന്‍ എഞ്ചിനീയറിംഗിലെ ഒമ്പതാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഷഹ്ല ആത്മഹത്യ ചെയ്തത്. ഈ മരണവും ഐഐടി മനോവിഷമത്തിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സാധാരാണ സംഭവമാക്കി തള്ളികളയുകയാണ് ചെയ്തത്.

രോഹിത് വെമുല

ജാതി വിവേചനത്താല്‍ ജീവന്‍ വെടിയേണ്ടിവന്ന ചെറുപ്പക്കാരനായിരുന്നു ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല. ‘കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര ലേഖകനാകാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍ ഞാനൊരു തികഞ്ഞ പരാജയം ആയിരുന്നിരിക്കാം. മനുഷ്യരില്‍ ചിലര്‍ക്ക് ജന്മം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ ഒരു കൊടും തെറ്റായിരുന്നു.’ രോഹിത് വെമുല അവസാനമായി കുറിച്ചിട്ട വാക്കുകളാണിവ. സര്‍വകലാശാലയില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത ദളിത് വിവേചനങ്ങള്‍ക്കെതിരെ നടത്തിയ 12 ദിവസത്തെ രാപ്പകല്‍ സമരത്തിനൊടുവില്‍ 2016 ജനുവരി 17 നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കിയത്. ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറായിരുന്നു രോഹിത്തിന്റേത്.

 നഖുല സാത്വിക്

ഹൈദരാബാദിലെ നര്‍സിംഗിയിലെ ശ്രീ ചൈതന്യ കോളേജിലെ ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥി നഖുല സാത്വിക് 2023 ഫെബ്രുവരി 28 ന് കോളേജിലെ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. കുടുംബത്തിന്റെ പരാതിയില്‍ പ്രിന്‍സിപ്പാളിനും വാര്‍ഡനുമെതിരെ കേസെടുത്തിരുന്നു. പഠനത്തില്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് മാനേജ്മെന്റിന്റെ മര്‍ദ്ദനവും ഭീഷണിപ്പെടുത്തലും സാത്വികിന് നേരിടേണ്ടി വന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാത്വികിനെ പ്രൊഫസര്‍ മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഫെബ്രുവരിയില്‍ തെലങ്കാനയില്‍ മൂന്ന് വിദ്യാര്‍ത്ഥി ആത്മഹത്യകളാണ് നടന്നത്. ഫെബ്രുവരി 22 ന് വാറങ്കലിലെ കാകതീയ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ഡോ. ധാരാവത്ത് പ്രീതിയും ഫെബ്രുവരി 25 ന് നിസാമാബാദിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ദസരി ഹര്‍ഷയും മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

ജിഷ്ണു പ്രണോയി

കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികളെ കുറിച്ച് പുറംലോകം അറിയുന്നത് ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ്.
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിന് മൊഴിനല്‍കിയതോടെയാണ് ജിഷ്ണുവിന്റെ മരണത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷ്ണുവിന്റെ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷ്ണുവിന്റേത് ആത്മഹത്യയല്ല എന്നതിന് ശക്തിപകരുന്നതായിരുന്നു. എന്നാല്‍ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ കുറ്റാരോപിതരില്‍ ചിലരെല്ലാം പ്രതിപ്പട്ടികയില്‍ നിന്നും രക്ഷപ്പെടുകയാണുണ്ടായത്.

നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പകപോക്കല്‍

മാനേജ്‌മെന്റിന്റെ പകപോക്കലിനെ തുടര്‍ന്ന് 2018 ജനുവരിയില്‍ ഒറ്റപ്പാലം ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജിഷ്ണു പ്രണോയിക്ക് നീതി കിട്ടാന്‍ സമരം ചെയ്തതായിരുന്നു മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. ജിഷ്ണുവിന്റെ ആത്മഹത്യക്ക് കാരണമായ പാമ്പാടി കോളേജ് മാനേജ്‌മെന്റിന്റെ ഉടമസ്ഥയിലുള്ള കോളേജ് ആയിരുന്നു ഇത്. സമരം ചെയ്ത ഈ വിദ്യാര്‍ത്ഥിയുള്‍പ്പടെ മൂന്നുപേരെ മദ്യപിച്ച് കോളേജിലെത്തിയെന്ന് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഇതില്‍ തെളിവില്ലാതെ വന്നതോട പ്രിന്‍സിപ്പാളിനെ അപമാനിച്ചുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

കൊല്ലത്തെ രാഖി കൃഷ്ണയും പാലക്കാട്ടെ അശ്വതിയും

കോളേജിലെ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് 2018 നവംബറില്‍ കൊല്ലം സ്വദേശി രാഖി കൃഷ്ണയ്ക്കും ജീവനൊടുക്കേണ്ടി വന്നത്. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിക്കുകയും ഡീബാര്‍ ചെയ്തതിന്റെയും ഫലമായാണ് ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കോപ്പിയടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകര്‍ ചിത്രങ്ങള്‍ പകര്‍ത്തി കുറ്റവാളിയെപ്പോലെു രാഖിയെ വേട്ടയാടുകയായിരുന്നു. പാലക്കാട് ഇരട്ടക്കുളം ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതിയുടെ മരണത്തിന്റെ കാരണക്കാരും കേളേജ് അധികൃതരായിരുന്നു. 2018 മാര്‍ച്ച് 27 ന് കോളേജില്‍ പോയി ഉച്ചക്ക് വീട്ടില്‍ തിരിച്ചെത്തിയ അശ്വതിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപികയും നാല് സഹപാഠികളുമാണ് തന്റെ ജീവിതം നശിപ്പിച്ചെതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

ഗൗരി നേഘ

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. 2017 ഒക്ടോബര്‍ 24 നാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ കെട്ടിടത്തില്‍ നിന്നും ഗൗരി ചാടി മരിക്കുന്നത്. അധ്യാപകരുടെ വാക്ക് ധിക്കരിച്ച് അതേ സ്‌കൂളില്‍ പഠിക്കുന്ന അനുജത്തിയുടെ ക്ലാസില്‍ പോയതായിരുന്നു അധ്യാപകരെ പ്രകോപിപ്പിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് വിളിച്ചുകൊണ്ടുപോയി ക്രെസന്‍സ് നെവിസ്, സിന്ധു പോള്‍ എന്നീ അധ്യാപികമാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ അധ്യാപികമാരെ കുറ്റക്കാരായി കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ അധ്യാപികമാരെ പൂമാലയിട്ടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്. രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ കണക്കുകളാണിത്. ഇതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവനുകളാണ് പൊലിഞ്ഞിട്ടിള്ളത്. നിരവധി പേര്‍ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെയോ മാനേജ്‌മെന്റിനെതിരെയോ കൃത്യമായ നടപടി സ്വീകരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കുറ്റാക്കാരെന്ന് കണ്ടെത്തുന്നവര്‍ കേസില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോവുകയും ചെയ്യുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകാതിരിക്കണമെങ്കില്‍, വിദ്യാര്‍ത്ഥി സൗഹൃദ അന്തരീക്ഷവും അടിയന്തരമായ നിയമ നടപടികളും കൊണ്ടുവരിക തന്നെ വേണം. അല്ലാത്തിടത്തോളം കാലം ഇനിയും നമ്മുടെ നാട്ടില്‍ ശ്രദ്ധമാര്‍ ഉണ്ടാകുമെന്ന് പറയേണ്ടി വരും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം