Wed. Nov 6th, 2024

ദേശീയ മാധ്യമരംഗത്ത് പൊന്‍താരകമായിരുന്ന ഗീതാഞ്ജലി അയ്യര്‍ കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞു. 1971 കളുടെ തുടക്കത്തില്‍ വാര്‍ത്താ അവതരണരംഗത്തേക്ക് കടന്നുവന്ന് ദേശീയ മാധ്യമരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചയാളും ദൂരദര്‍ശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്ത അവതാരകരില്‍ ഒരാളുമായിരുന്നു ഗീതാഞ്ജലി അയ്യര്‍.

മൂന്ന് പതിറ്റാണ്ടുകളുടെ സേവനത്തില്‍ ഗീതാഞ്ജലി അയ്യര്‍ കടന്നു ചെല്ലാത്ത വാര്‍ത്താസാമൂഹികലോകം ഇല്ലെന്നു പറയാം. ദൂരദര്‍ശനിലെ വാര്‍ത്ത അവതരണത്തിലൂടെ സാധാരണക്കാര്‍ക്കിടയില്‍ സുപരിചിതമായ ഒരു മുഖം സൃഷ്ടിക്കാന്‍ ഗീതാഞ്ജലിക്ക് സാധിച്ചു. 1982 ലെ ഏഷ്യന്‍ ഗെംയിസ് ദൂരദര്‍ശന്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആളുകള്‍ തന്നെ വീട്ടിലെ ഒരംഗമെന്ന നിലയില്‍ കാണാന്‍ തുടങ്ങിയെന്നും യാത്ര ചെയ്താല്‍ ഓട്ടോക്കൂലി വാങ്ങാന്‍ വിസമ്മതിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും ഗീതാഞ്ജലി തന്റെ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ടെലിപ്രോംപ്റ്ററുകള്‍ ഇല്ലാതിരുന്ന കാലത്താണ് വാര്‍ത്തകള്‍ വ്യക്തതയോടെയും അക്ഷരസ്ഫുടതയോടെയും ഗീതാഞ്ജലി ജനങ്ങളിലേക്ക് എത്തിച്ചത്. അക്കാലത്ത് ഒരേ സമയം ക്യാമറയിലേക്കും സ്‌ക്രിപ്റ്റിലേക്കും നോക്കി വാര്‍ത്ത അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ”അര്‍ണബ് ഗോസ്വമിയും രാഹുല്‍ ശിവശങ്കറും മുന്‍വിധികളോട് കൂടി ടെലിവിഷന്‍ ന്യൂസ് സ്റ്റുഡിയോകളെ ഗുസ്തി വളയങ്ങളാക്കി മാറ്റുന്നതിന് മുമ്പ് വാര്‍ത്തകളെ പക്വമായ രീതിയില്‍ സമീപിച്ച കുറച്ച് സ്ത്രീകള്‍ ഉണ്ടെന്ന” അടുക്കുറിപ്പോടെ സ്‌ക്രോള്‍ ന്യൂസില്‍ വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. അന്നത്തെ ആ ചിത്രത്തിലെ ഒരാള്‍ ഗീതാഞ്ജലി അയ്യരായിരുന്നു. എന്തെന്നാല്‍ വാര്‍ത്തകളെ അവര്‍ സമീപിച്ച രീതി അത്രത്തോളം ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്നു.

30 വര്‍ഷം നീണ്ടു നിന്ന മാധ്യമ പ്രവര്‍ത്തനത്തിന് മികച്ച അവതാരകയ്ക്കുള്ള നാല് അവാര്‍ഡുകളാണ് ഗീതാഞ്ജലി അയ്യരെ തേടിയെത്തിയത്. ഇതോടൊപ്പം തന്നെ മാധ്യമ രംഗത്തിന് പുറമെയുള്ള സംഭാവനകള്‍ക്കായി 1989-ല്‍ മികച്ച വനിതകള്‍ക്കുള്ള ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി അവാര്‍ഡും അവര്‍ നേടി. കൊല്‍ക്കത്തയിലെ ലോറെന്റോ കോളേജില്‍ ബിരുദവും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡിപ്ലോമ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാര്‍ത്താവതരണത്തിന് പുറമെ 1985 ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘ഖാന്ദാൻ’ എന്ന സീരിയലിലും ഗീതാഞ്ജലി അയ്യര്‍ അഭിനയിച്ചിട്ടുണ്ട്. അക്കാലത്തെ അച്ചടി പരസ്യങ്ങളിലെ പ്രധാന മുഖമായി ഗീതാഞ്ജലി മാറിയിരുന്നു. ഒരു കാലത്ത് സിനിമാതാരങ്ങളെക്കാള്‍ ആരാധകര്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗീതാഞ്ജലി.

മാധ്യമപ്രവര്‍ത്തനത്തിന് ശേഷം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്, ഗവണ്‍മെന്റ് ലൈസന്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും ഗീതാഞ്ജലി മികവ് തെളിയിച്ചിരുന്നു. 2001 ല്‍ യാഷ് ബിര്‍ള ഗ്രൂപ്പിന്റെ പബ്ലിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്നു. 2005 ല്‍ ഒബ്‌റോയ് ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ സെയില്‍സ് ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ (സിഐഐ) കണ്‍സള്‍ട്ടന്റായും പിന്നീട് മൂന്ന് വര്‍ഷത്തോളം ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ പ്രസ് ആന്റ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി മേധാവിയായും പ്രവര്‍ത്തിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം