Sun. Dec 22nd, 2024

നീണ്ട 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി 2017 ല്‍ റോബര്‍ട് മുഗാബെ രാജി വെച്ചത്, സിംബാബ്വെയിലെ ജനങ്ങള്‍ക്കിടയില്‍ പുതു പ്രതീക്ഷകളായിരുന്നു നല്‍കിയത്. മുഗാബെയുടെ രാജിയില്‍ അന്ന് ജനങ്ങള്‍ തെരുവുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ വരെ നടത്തിയിരുന്നു. അക്കാലയളവില്‍ മുഗാബെയുടെ ഭരണത്തില്‍ സിംബാബ്വെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ വീണുപോയിരുന്നു. അട്ടിമറി ഭരണത്തിലൂടെ സിംബാബ്‌വെയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മാന്‍ഗാഗ്വ ആയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എമേഴ്‌സന്‍ മാന്‍ഗാഗ്വ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘സിംബാബ്‌വെ ഇനി സഞ്ചരിക്കുന്നത് ജനാധിപത്യത്തിന്റെ പാതയിലായിരിക്കും’. 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ സിംബാബ്‌വെ ജനത ആഗ്രഹിച്ചതും മാന്‍ഗാഗ്വ മുന്നോട്ട് വെച്ച ജനാധിപത്യ ഭരണം തന്നെയായിരുന്നു.

ജനാധിപത്യ വ്യവസ്ഥ രീതിയിലെ ഭരണത്തിലും സിംബാബ്വെയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. രാജ്യം സേച്ഛാധിപത്യത്തിലേക്ക് പോകുമോ എന്നതിന്റെ ഭയത്തിലാണ് ഇപ്പോള്‍ അവിടുത്തെ ജനം. 2023 മെയ് 31 ന് ഏറെ വൈകി പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സിംബാബ്‌വെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിയമവിരുദ്ധമാണെന്നുള്ള വിവാദമായ ‘ദേശസ്‌നേഹ ബില്‍’ ആണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. പ്രസിഡന്റ് എമേഴ്‌സന്‍ മാന്‍ഗാഗ്വ ബില്ലില്‍ ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും. ഭരണപക്ഷത്തിന് അനുകൂലമായ ബില്ലില്‍ എന്തായാലും പ്രസിഡന്റ് മാന്‍ഗാഗ്വ ഒപ്പിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതോടെ ഭരണപക്ഷത്തിനെതിരെയോ സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെയോ ജനങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും നടത്താനാകില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ അവര്‍ ദേശവിരുദ്ധ കുറ്റം ചെയ്യുന്ന ക്രിമിനലുകളാകുമെന്ന് സാരം. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും വ്യാപകമായ എതിര്‍പ്പാണ് ഈ ബില്ലിനെതിരെ ഉയര്‍ന്നു വരുന്നത്. 2023 ഓഗസ്റ്റ് 23 ന് പാര്‍ലമന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ലമെന്റ് ബില്ല് പാസാക്കിയതും. സിംബാബ്‌വെയില്‍ വീണ്ടും ഭരണം പിടിക്കാനുള്ള തന്ത്രപാടിലാണ് എമേഴ്‌സന്‍ മന്‍ഗാഗ്വ.

എന്താണ് ഈ ദേശസ്‌നേഹ ബില്‍?

സിംബാബ്വെയുടെ പരമാധികാരത്തെയും ദേശീയ താല്‍പ്പര്യത്തെയും തകര്‍ക്കുന്ന പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കുന്ന ഒരു വ്യവസ്ഥയില്‍ നിന്ന ഉരുത്തിരിഞ്ഞ് വന്നതാണ് ദേശസ്‌നേഹ ബില്‍. ഗുരുതരമായ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലിനെ പിന്തുണച്ച രാജ്യത്തെ ഭരണകക്ഷിയായ സാനു പിഫ് പാര്‍ട്ടി പറയുന്നതനുസരിച്ച്, സിംബാബ്വെയിലെ ഏകദേശം 15 ദശലക്ഷം പൗരന്മാരെ ഈ ബില്ല് ‘ദേശസ്നേഹി’കളാകാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്. ബില്ല് കൊണ്ടുവരുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിനെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് സിംബാബ്വെയിലെ ജനങ്ങളെ അവരുടെ രാജ്യത്തെ സ്‌നേഹിക്കാനും അതിനെ അപലപിക്കുന്നത് അവസാനിപ്പിക്കാനുമാണെന്ന് സാനു പിഎഫ് പാര്‍ട്ടി എംപി ചിനോടിംബ പറഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ ‘ദുരിത സൂചിക’ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‌വെ. ഇതിനു പിന്നാലെയാണ് ദേശസ്‌നേഹം കൂട്ടാനെന്ന പേരില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

‘ദേശസ്‌നേഹ ബില്‍’ പാസാക്കിയതില്‍ ആശങ്കയറിയിച്ച് അവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിപക്ഷപാര്‍ട്ടികളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന ഏത് വിമര്‍ശനവും നിരോധിക്കുക എന്നതാണ് ദേശസ്‌നേഹ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ഭരണകക്ഷിയായ സാനു പിഫ് പാര്‍ട്ടിയെ എതിര്‍ക്കുന്ന പൗരസമൂഹ സംഘടനകളെയും പൗരന്മാരെയും പാര്‍ട്ടികളെയും അടിച്ചമര്‍ത്താനും ശിക്ഷിക്കാനുമായി ഈ നിയമം ഭരണപക്ഷം ദുരുപയോഗപ്പെടുത്തുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. ഭരണകക്ഷികളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ചെയ്യാറ്. എന്നാല്‍ ദേശസ്‌നേഹ ബില്‍ കൊണ്ടു വരുന്നതിലൂടെ പ്രതിപക്ഷത്തിന്റെയും അവകാശസംഘടനകളുടെയും പൊതുജനങ്ങളുടെയും വാമൂടി കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ”സംസാര സ്വാതന്ത്ര്യം ഇപ്പോള്‍ മരിച്ചു. സിംബാബ്‌വെയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഹോപ്‌വെല്‍ ചിനാനോ ട്വിറ്ററില്‍ കുറിച്ചത്. ഈ നിയമം അപകടകരമാണെന്ന് ബില്ലിനെ എതിര്‍ക്കുന്ന സിറ്റിസണ്‍ കോയലിഷന്‍ ഫോര്‍ ചേഞ്ച് (സിസിസി) വക്താവ് പറഞ്ഞു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ സേച്ഛാധിപത്യത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് സിസിസി വക്താവ് ഫദ്‌സായി മഹേരെയും പ്രതികരിച്ചു. ”സിംബാബ്വെയില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരമായ നിയമമാണ് ഈ ബില്‍,” ഹ്യൂമന്‍ റൈറ്റ്സ് എന്‍ജിഒ ഫോറത്തിന്റെ തലവന്‍ മൂസ കിക്ക പറഞ്ഞു.

രാജ്യത്ത് അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം അവിടുത്തെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായാണ് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, പിന്നോട്ടുളള ജിഡിപി വളര്‍ച്ച തുടങ്ങിയവയൊക്കെ സിംബാബ്‌വെയെ ഏറ്റവും ദുരിത രാജ്യമാക്കി മാറ്റുകയും ചെയ്തു. സിംബാബ്‌വെ ഭരിക്കുന്ന സാനു പിഎഫ് പാര്‍ട്ടിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്നാണ് സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ രാഷ്ട്രത്തെ നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചതിന് ശേഷം ദേശസ്‌നേഹ ബില്‍ തുടങ്ങിയ തന്ത്രങ്ങളിലൂടെ വീണ്ടും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് മന്‍ഗാഗ്‌വ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം