തിരുവനന്തപുരം നഗരസഭയുടെ ആറ്റുകാൽ കമ്യൂണിറ്റി ഹാൾ നിർമ്മാണ പ്രോജക്റ്റ് ഉപേക്ഷിച്ചതിൽ നഷ്ടമായത് 69.38 ലക്ഷം രൂപ. ഇത് സംബന്ധിച്ച വിവരം ഓഡിറ്റ് റിപ്പോർട്ടിലാണ് ലഭ്യമായത്. ഹാളിന്റെ നിർമാണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി വികസന ഫണ്ടിൽ നിന്നും തനതു ഫണ്ടിൽ നിന്നുമായി ആകെ 69.38 ലക്ഷം രൂപ ചിലവിട്ടു. നിർമാണത്തിന് 29.56 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് 39.82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. എന്നിട്ടും ഇതുവരെ ഹാൾ പൂർത്തീകരിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഈ സാഹചര്യത്തിലാണ് കരാറുകാരന് കംപ്ലിറ്റേഷൻ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഫൈനൽ ബില്ലാക്കി തുക നൽകിയത്. ഇത് ക്രമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്ന് മീറ്റർ മാത്രം വഴി സൗകര്യമുള്ള സ്ഥലത്ത് ഇത്ര രൂപ ചിലവഴിച്ച കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കാൻ തിരുമാനിച്ചതും നിരുത്തരവാദിത്തപരമാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.