അടിക്കടി ഉണ്ടാവുന്ന കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നായരമ്പലം പ്രദേശം വിട്ടുപോയി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അവരുടെ ഉപജീവനം കൂടി കടലിനെ ആശ്രയിച്ചാണ്. കടലുള്ള പ്രദേശം വിട്ടുപോയാല്‍ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നാണ് ബാക്കിയുള്ളവര്‍ ചോദിക്കുന്നത്. പുനര്‍ഗേഹം, ലൈഫ് തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 10 ലക്ഷവും അല്ലെങ്കില്‍ ഫ്‌ളാറ്റും നല്‍കാം, നിങ്ങള്‍ തീരം വിട്ടുപോകണം എന്നാണ് അധികാരികള്‍ ഇവരോട് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യം കെട്ടുറപ്പുള്ള ഒരു സീവാളും പുലിമുട്ടുകളുമാണ്.
മാറിവരുന്ന എല്ലാ സര്‍ക്കാരുകളും പുലിമുട്ട്, സീവാള്‍ വാഗ്ദാനം നല്‍കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതൊക്കെ വാക്കുകളില്‍ തന്നെ ഒതുങ്ങും. 2004ലെ സുനാമി മുതല്‍ നായരമ്പലത്ത് എല്ലാ സീസണിലും കടല്‍ക്ഷോഭം ഉണ്ടാകുന്നുണ്ട് എന്നിരിക്കെ അധികാരികള്‍ എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ കണ്ണടക്കുന്നത്?