പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിനായി സമഗ്രശിക്ഷ കേരളം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുമായി ‘സ്ട്രീം ഇക്കോസിസ്റ്റം’ പദ്ധതി നടപ്പാക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ജില്ലയിലെ 11 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും പരീക്ഷണ-ഗവേഷണ സംവിധാനങ്ങളുള്ള സ്ട്രീം ഇക്കോസിസ്റ്റം ഹബ്ബുകള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. കുസാറ്റിന്റെ സാങ്കേതികസഹായവും മേല്‍നോട്ടവും ഉപകരണങ്ങളും പിന്തുണയും പദ്ധതിയില്‍ ഉറപ്പാക്കും. 2 കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബുകള്‍ ഒരുക്കുന്നത്.
ചേര്‍ത്തല ബി ആര്‍ സി യിലെ പൊള്ളേത്തൈ ഗവ. എച്ച് എസില്‍ സംസ്ഥാനത്തെ ആദ്യ സ്ട്രീം ഇക്കോസിസ്റ്റം സെന്റര്‍ 25-ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മറ്റ് സ്ട്രീം ഹബ്ബുകള്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പിന്നീട് സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കും.