നിരവധി ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് മട്ടാഞ്ചേരി. ദിവസേന ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളും യാത്രക്കാരും വരുന്ന സ്ഥലമാണ്. എന്നാല്‍ ഇവിടെ യാത്ര ചെയ്യാനായി ബോട്ട് കരയില്‍ അടിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. മട്ടാഞ്ചേരി ബോട്ട് ജെട്ടി തകര്‍ന്നിട്ട് വര്‍ഷങ്ങളാകുന്നു. പുനനിര്‍മാണം ആരംഭിച്ചെങ്കിലും ജെട്ടിയുടെ നവീകരണം വഴിമുട്ടിയിരിക്കുകയാണ്. നിരവധി ടൂറിസ്റ്റുകളാണ് ദിവസേന മട്ടാഞ്ചേരിയില്‍ എത്തുന്നത്. ബോട്ട് പിടിക്കാന്‍ സാധിക്കാത്തതിനാല്‍ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ ജെട്ടി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് 2021 ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. ബോട്ടിലേയ്ക്കുള്ള കായല്‍ നടപ്പാത, ടിക്കറ്റ് കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിശ്രമമുറികള്‍ എന്നിവയാണ് നവീകരണത്തിലുള്‍പ്പെടുത്തിയത്. ജീര്‍ണിച്ചുകിടക്കുന്ന പഴയ ബോട്ട് ജെട്ടി നവീകരിക്കാന്‍ സര്‍ക്കാര്‍ 97 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാല്‍ മൂന്ന് ഘട്ടങ്ങളിലായുള്ള നവീകരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം പോലും പൂര്‍ത്തിയായിട്ടില്ല.
മട്ടാഞ്ചേരിക്കാര്‍ പണ്ടുകാലം മുതല്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്കും, എറണാകുളത്തേക്കും വേഗത്തില്‍ എത്തിക്കൊണ്ടിരുന്നത് ബോട്ടിലാണ്. മട്ടാഞ്ചേരി ഭാഗത്ത് എക്കലും ചെളിയും അടിഞ്ഞതിനാല്‍ ബോട്ടുകള്‍ക്ക് അടുക്കാനുമാകുന്നില്ല. ഇതോടെയാണ് നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുള്ള ബോട്ട് സര്‍വീസും ഇല്ലാതായത്.
ഡ്രഡ്ജ് ചെയ്ത്, എക്കല്‍ നീക്കി, ആഴം കൂട്ടാനുള്ള പണികള്‍ ആരംഭിച്ചെങ്കിലും കോരി എടുക്കുന്ന എക്കല്‍ നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലാതെ വന്നത് ജെട്ടിയുടെ പുനനിര്‍മാണത്തെ ബധിച്ചു. ഇതോടെ പുനനിര്‍മാണ് പാതി വഴിയില്‍ നിലത്തു. ഡ്രഡ്ജിങ്ങ് നടക്കാത്തതിനാല്‍ വലിയ ടൂറിസ്റ്റ് ബോട്ടുകളും ഹൗസ്‌ബോട്ടുകളും കരയ്ക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ ടൂറിസ്റ്റുകള്‍ ഫോര്‍ട്ട് കൊച്ചിയിലേയ്ക്കും മറൈന്‍ഡ്രൈവിലേയ്ക്കും പോവുകയാണ്. കരമാര്‍ഗം മട്ടാഞ്ചേരിയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ കച്ചവടക്കാരുടെ ഏക ആശ്രയം.
മട്ടാഞ്ചേരിയില്‍ വാട്ടര്‍മെട്രോ എത്തുമെന്ന് പറഞ്ഞെങ്കിലും മറ്റ് സ്ഥലങ്ങളിലെ മെട്രോകള്‍ പണി പൂര്‍ത്തികരിച്ച് ട്രയല്‍ റണ്‍ ഓടിയെങ്കിലും മട്ടാഞ്ചേരിയിലെ വാട്ടര്‍ മെട്രോയുടെ പണികള്‍ പോലും ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ യാത്ര ചെയ്യാന്‍ കരമാര്‍ഗമല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയാണ്. മട്ടാഞ്ചേരിക്കരോടുള്ള കനത്ത അവഗണനയാണ് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊച്ചി മഹാരാജാവിന്റെ യാത്രാ വള്ളങ്ങളടുക്കുന്ന ജെട്ടിക്ക് സമീപം രാജാവ് നല്‍കിയ സ്ഥലത്ത് ജനങ്ങള്‍ക്ക് ജലയാത്രാ സൗകര്യമൊരുക്കാനായി 1930കളില്‍ നിര്‍മ്മിച്ച ജെട്ടി കൊച്ചിയിലെ ആദ്യകാല ജെട്ടികളിലൊന്നാണ്.