Fri. May 3rd, 2024

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് കോടതി. രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അതേസമയം വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്ന് തന്നെ ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിലാണ് വിധി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സൂറത്തിലെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂര്‍വമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂര്‍ ആരോപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം