ജാര്‍ഖണ്ഡില്‍ പൊലീസ് റെയ്ഡിനിടെ നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊന്നതായി ആരോപണം. ഗിരിദഹ് ജില്ലയില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരണപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. വീട്ടിലെത്തിയ പൊലീസിനെ കണ്ട് ഭയന്നതോടെ ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ വീട്ടില്‍ തനിച്ചാക്കി ഇറങ്ങിപോവുകയായിരുന്നു. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടതെന്ന് അമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.