Sun. Jan 19th, 2025

കൊച്ചി: സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി.ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാനായി സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നല്‍കിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടന്‍, ഹ്രസ്വ, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. പുരോഗതി ഹൈക്കോടതി വിലയിരുത്തുമെന്നും അറിയിച്ചു. ഖരമാലിന്യ സംസ്‌കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ നല്‍കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോന്‍ എന്നിവരെ നിയമിച്ചു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം