Mon. Dec 23rd, 2024

ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്. അതിര്‍ത്തികളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കി. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറുകളിലും ബൈക്കിലുമായി ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വസ്ത്രരീതിയടക്കം മാറ്റി മുങ്ങിനടക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമൃത്പാലിന്റെ പലരൂപങ്ങളിലുള്ള ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അതേസമയം, അമൃത്പാല്‍ സിങ് വിഷയത്തില്‍ പഞ്ചാബ് പോലീസിനുനേരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. അമൃത്പാലിനെതിരായ ഇതുവരെയുള്ള നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. എങ്ങനെ അമൃത്പാല്‍ രക്ഷപ്പെട്ടുവെന്നും ഈ സമയത്ത് 80,000 പോലീസുകാര്‍ എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ഇത് രഹസ്യാന്വേഷണവിഭാഗത്തിന്റെ വീഴ്ചയാണെന്നും കോടതി കുറ്റപ്പെടുത്തി. അമൃത്പാല്‍ ഒഴികെയുള്ളവരെ എങ്ങനെ അറസ്റ്റുചെയ്‌തെന്നും ഈ കഥ വിശ്വസിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അമൃത്പാല്‍ സിങ്ങിനെതിരേ കര്‍ശനമായ ദേശീയ സുരക്ഷാനിയമം ചുമത്തിയെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം