ഡല്‍ഹി: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയും വേണ്ടി വരുമെന്ന് യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ദക്ഷിണേഷ്യന്‍ മേഖല ആഗോളതലത്തില്‍ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുമെന്ന് ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലില്‍ ഗുപ്‌തെ പറഞ്ഞു. ഇന്ത്യയുടെ വ്യോമഗതാഗത വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറും പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് സലില്‍ ഗുപ്‌തെ പറഞ്ഞു. 2040 ആകുമ്പോഴേക്കും ഇന്ത്യയുടെ എയര്‍ ട്രാഫിക് വളര്‍ച്ച ഏകദേശം 7 ശതമാനമാകുമെന്ന് ബോയിംഗ് നേരത്തെ പ്രവചിച്ചിരുന്നു. കൊവിഡിന് ശേഷം, വ്യോമയാന മേഖലയില്‍ ഉണ്ടായ വീണ്ടെടുപ്പ് ലോകത്തെ അമ്പരപ്പിച്ചുവെന്നും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു സ്വാധീനവും വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ ബോയിംഗ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.