Fri. Apr 26th, 2024

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോറോ സര്‍വീസ് വീണ്ടും നിലച്ചു. ഇതോടെ റോറോയിലൂടെ അക്കരെയിക്കരെ ഇറങ്ങിയിരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ക്കു നിശ്ചിത കേന്ദ്രങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. വാഹനമില്ലാതെ എത്തുന്ന യാത്രക്കാര്‍ക്കായി ബോട്ട് സര്‍വീസുണ്ട്. എന്നാല്‍ വാഹനങ്ങള്‍ അപ്പുറത്ത് എത്തിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റികറങ്ങി വേണം അക്കരെ എത്താന്‍.

 

സര്‍വീസ് നടത്തിയിരുന്ന ഏക റോറോയുടെ ക്ലച്ച് ബോക്സ് 5 ദിവസം മുന്‍പ് കത്തിപ്പോയിരുന്നു. സര്‍വീസ് മുടങ്ങാതിരിക്കാന്‍ ക്ലച്ച് സംവിധാനം ഇല്ലാതെ അരമണിക്കൂര്‍ ഇടവിട്ടാണു സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഗിയര്‍ ബോക്സില്‍ നിന്നു വലിയ ശബ്ദം വന്നതോടെ സര്‍വീസ് നിര്‍ത്തുകയായിരുന്നു.

വിദേശത്തു നിന്നു ക്ലച്ച് ബോക്സ് എത്തിച്ചു സ്ഥാപിക്കുകയും ഗിയര്‍ ബോക്സിലെ തകരാര്‍ പരിഹരിക്കുകയും ചെയ്താലേ ഇനി സര്‍വീസ് പുനരാരംഭിക്കാനാവൂ. ഇതിനു ദിവസങ്ങളെടുക്കും. ഇതേ തകരാറു മൂലം അറ്റകുറ്റപ്പണിക്കായി നീക്കിയ റോറോ സേതുസാഗര്‍ ഒന്ന് വൈപ്പിന്‍ ജെട്ടിയില്‍ കെട്ടിയിട്ടിട്ടു ഏകദേശം 6 മാസത്തോളമായി.

ഒരു ബോട്ട് മാത്രമുള്ള ഇവിടെ രാവിലെയും വൈകുന്നേരവും യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്. ഇതും ദുരന്ത ഭീതി ഉയര്‍ത്തുന്നുണ്ട്. യാത്രക്കാര്‍ പരിധിവിട്ട് ജെട്ടിയിലെ പ്ലറ്റ്‌ഫോമിലേക്ക് കയറിയാല്‍ ഏത് നിമിഷവും പ്ലറ്റ്‌ഫോം ഇടിയുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. നിത്യേന പതിനായിരത്തില്‍പരം യാത്രക്കാരാണ് രാവിലെയും വൈകുന്നേരവുമായി ഇതിലെ യാത്ര ചെയ്യുന്നത്. ജങ്കാര്‍ സര്‍വീസ് നിലച്ചിട്ടും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

ഒരു ജങ്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി സര്‍വീസ് ആരംഭിച്ചാലും ഇത് അടിക്കടി തകരാറിലാവുന്ന സ്ഥിതിവിശേഷം ഇവിടെ പതിവാണ്. ഈ സാഹചര്യത്തില്‍ രണ്ട് ജങ്കാറുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ ഭരണകൂടം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വൈപ്പിന്‍ റോ റോ സര്‍വീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കണ്‍വീനര്‍ എ ജലാല്‍ ഫോര്‍ട്ടുകൊച്ചി റോ റോ ജെട്ടിയില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുകയാണ്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.