Mon. Dec 23rd, 2024

ഡല്‍ഹി: എസിസി സിമന്റ്‌സിന്റെയും അംബുജ സിമന്റ്‌സിന്റെയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി വിനോദ് അദാനി തുടരുന്നുവെന്ന് അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വാര്‍ത്തകളെ തുടര്‍ന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അദാനി ഗ്രൂപ്പിനോട് പ്രതികരണം തേടിയിരുന്നു. ഇതിലാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അംബുജ സിമന്റ്സ്, എസിസി സിമന്റ് നിര്‍മ്മാതാക്കളായ ഹോള്‍സിമിന്റെ ഓഹരികള്‍ 6.5 ബില്യണ്‍ ഡോളറിന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതില്‍ വിനോദ് അദാനി പങ്കെടുത്തതായി ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള കമ്പനിയായ എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് അംബുജയില്‍ 63 ശതമാനം ഓഹരിയും എസിസിയുടെ 57 ശതമാനം ഓഹരിയും വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. വിനോദ് ശാന്തിലാല്‍ അദാനി 2022-ല്‍ ഐ ഐ എഫ് എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഏറ്റവും ധനികനായ പ്രവാസി ഇന്ത്യക്കാരനാണ്. 1.69 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം