2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്നതാണ് തോട്ടഞ്ചേരി തൂക്കുപാലം. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പാലം പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചു നല്‍കാം എന്ന വാഗാദാനം വാക്കുകളില്‍ മാത്രം ഒതുങ്ങി. കാളിയാര്‍ പുഴയുടെ ഇരുകരയിലുമുള്ളവര്‍ മറുകരയെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
തൂക്കുപാലം പുനര്‍നിര്‍മിക്കുന്നതിന് 2020 ല്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.70 കോടി രൂപ അനുവദിച്ചങ്കിലും പിന്നീട് എട്ട് മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൂക്കുപാലം പുനര്‍നിര്‍മ്മിക്കാന്‍ കെല്ലിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനിടെയാണ് കോണ്‍ക്രീറ്റ് പാലം എന്ന ആശയം ഉയര്‍ന്നത്. തൂക്കുപാലത്തിന് ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ തുക ലാപ്‌സായി എന്നാണ് ജനങ്ങള്‍ പറയുന്നത്. ഫലത്തില്‍ തൂക്കുപാലവും ഇല്ല കോണ്‍ക്രീറ്റ് പാലവും ഇല്ല എന്ന അവസ്ഥയാണ്.
ആയവന പഞ്ചായത്തിലെ കടുംപിടിയേയും -തോട്ടഞ്ചേരിയെയും തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചാണ് തൂക്കുപാലം. പാലം പ്രളയത്തില്‍ ഒലിച്ചുപോയതോടെ നൂറുകണക്കിനാളുകളുടെ യാത്രമാര്‍ഗമാണ് ഇല്ലാതായത്. കാരിമറ്റം – തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേയ്ക്കും കൊച്ചി ദേശീയപാതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും കാലാമ്പൂര്‍, കടുംപിടി പ്രദേശങ്ങളിലുള്ളവര്‍ക്ക് രണ്ടാര്‍, തൊടുപുഴ – മൂവാറ്റുപുഴ റോഡിലേക്ക് എത്തിച്ചേരുന്നതിനും തൂക്കുപാലം ഏറെ പ്രയോജനകരമായിരുന്നു. പാലം വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെ സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ദുരിതത്തിലായി.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. കെല്‍ വിദഗ്ദസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമായിരുന്നു തൂക്കുപാലം പുനര്‍ നിര്‍മ്മിക്കുന്നതിന് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. എം.പി. ഫണ്ടില്‍ നിന്നുള്ള തുക അടക്കം ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാനും പിന്നീട് ധാരണയായിരുന്നു. റീബില്‍ഡ് പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്താതെ തൂക്കുപാലം നിര്‍മ്മിച്ച് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.