Mon. Dec 23rd, 2024

പോര്‍ക്കാവ് കടവിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുഴകടക്കാന്‍ ഒരു പാലം. എന്നാല്‍ പാലം എന്ന സ്വപ്‌നത്തിന് ഇന്നും ഫലകത്തില്‍ മാത്രം ഒതുങ്ങി. കാളിയാര്‍ പുഴയ്ക്ക് കുറുകെ പറമ്പഞ്ചേരി – സിദ്ധന്‍പടി കരകളെയും ആയവന – കാവക്കാട് കരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പോര്‍ക്കാവ് കടവില്‍ പാലം.

2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് റവന്യൂ വകുപ്പിന്റെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ പാലം നിര്‍മ്മാണത്തിനായി അനുവദിച്ച് തറക്കല്ലിടല്‍ നടത്തിയതാണ്. അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തറക്കല്ലിടല്‍ നടത്തിയതല്ലാതെ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

 

പുഴയില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇത് അപകടകരവുമാണ്. ക്ഷേത്ര ഉത്സവസമയത്ത് പുഴയ്ക്ക് കുറുകെ തെങ്ങിന്റെ തടികളും മണല്‍ച്ചാക്കും ഉപയോഗിച്ച് താത്കാലിക നടപ്പാലം നിര്‍മ്മിച്ചാണ് നാട്ടുകാര്‍ ക്ഷേത്രത്തിലേക്കും, ആയവന വഴി മൂവാറ്റുപുഴ, വാഴക്കുളം, ആനിക്കാട് ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ എളുപ്പമാര്‍ഗമായി ഇത് ഉപയോഗിക്കുന്നു. പാലം ഇല്ലാത്തതിനാല്‍ അക്കരയും ഇക്കരയുമുള്ള വിദ്യാര്‍ത്ഥികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കിലോമീറ്ററുകള്‍ ചുറ്റികറങ്ങി വേണം സ്‌കൂളുകളിലെത്താന്‍ കൂടതെ പ്രസിദ്ധമായ ആയവന പോര്‍ക്കാവ് പൊങ്കാലയില്‍ പങ്കെടുക്കാന്‍ പറമ്പഞ്ചേരി, സിദ്ധന്‍പടി, കാലാമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഭക്തരാണ് പുഴയ്ക്ക് കുറുകെ സഞ്ചരിക്കുന്നത്. പാലം നിര്‍മ്മിച്ചാല്‍ നാട്ടുകാരുടെ യാത്ര ദുരിതത്തിന് പരിഹാരമാകുകയും ചെയ്യും . പാലം നിര്‍മ്മിക്കാന്‍ ഇനിയും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍ .

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.