ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ. 2030 ഓടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് ബഹിരാകാശ വസ്ത്രങ്ങൾ ധരിച്ച് റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്താൻ സാധിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ആറ് കോടി രൂപയായിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഒരാൾ മുടക്കേണ്ടി വരിക. ഗവൺമെന്റിന്റെ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരത്തെപ്പറ്റിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആഗോള വിപണിയിൽ ബഹിരാകാശ ടിക്കറ്റുകൾക്ക് മികച്ച വില ലഭിക്കുമെന്നും ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ബഹിരാകാശത്ത് എത്രത്തോളം ദൂരം ഇന്ത്യയുടെ ബഹിരാകാശപേടകം സഞ്ചരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിനോദ സഞ്ചാരികൾക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റുകളായിരിക്കും ബഹിരാകാശ യാത്രക്ക് ഉപയോഗിക്കുക.