അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഹായിയും മുൻ ലോസ് ഏഞ്ചലസ് മേയറുമായിരുന്ന എറിക് ഗാർസെറ്റി ഇന്ത്യയിലെ അടുത്ത അംബാസഡറായി ചുമതലയേൽക്കും. രണ്ട് വർഷമായി സെനറ്റിന്റെ പരിഗണനയിലായിരുന്ന ഗാർസെറ്റിയുടെ നിയമനത്തിന് യു എസ് സെനറ്റ് അനുമതി നൽകി. 42നെതിരെ 54 വോട്ടുകള്‍ നേടിയാണ് എറിക് പദവിയിൽ എത്തുന്നത്. ഇന്ത്യയുമായി യുഎസിന് നിർണായകമായ ബന്ധമുണ്ടെന്നും അത് നിലനിർത്താൻ ഗാർസെറ്റിക്ക് സാധിക്കുമെന്നും പ്രസിഡന്റ് ബൈഡൻ വിശ്വസിക്കുന്നതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഒലിവിയ ഡാൾട്ടൺ പിടിഐയോട് പറഞ്ഞു. മേയർ പദവിയിലിരുന്നപ്പോൾ തന്റെ ഓഫീസിലെ ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ ഗാർസെറ്റി അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നത് വലിയ വിവാദമാവുകയും തുടർന്ന് നാമനിർദ്ദേശം സ്തംഭിക്കുകയുമായിരുന്നു.