Mon. Dec 23rd, 2024
Vinil paul what-is-caste-discrimination-in-the-christian-church

‘ക്രിസ്ത്യൻ കോളേജുകളിൽ ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നവരുടെ ജാതിയും, യോഗ്യതയും പരിശോധിച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ ദലിത് ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും’

നൂനൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്ത്യാനികളുടെ ഭൂതകാലവും ജീവിതക്രമവും സാമൂഹ്യശാസ്ത്ര ഗവേഷകരുടെ ഒരു പ്രധാന അന്വേഷണ മേഖലയാണ്. ബ്രിട്ടീഷ് ഭരണസമയം മുതലേ ചരിത്രകാരന്മാർ മലബാർ തീരത്തെ ക്രിസ്തുമത വിശ്വാസികളുടെ പൂർവികരെ തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിൽ അംബേദ്കർ ഉൾപ്പെടെയുള്ള പണ്ഡിതർ പങ്കെടുക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ കേരളത്തിൽ വന്നു എന്നതിന് യാതൊരു തെളിവുമില്ലെന്നും രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ തീരദേശ വാസികൾ, സിലോണിലെ മുത്തുച്ചിപ്പി വാരുന്നവർ, മലബാറിലെയും കൊറാമാണ്ടിലെയും കൃഷിക്കാർ എന്നിവരുടെ ഇടയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവുകൾ ലഭ്യമാണെന്നാണ് അംബേദ്കർ ഉൾപ്പെടുന്ന ചരിത്രകാരന്മാർ പറയുന്നത്.

കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഇല്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനു ശേഷവും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തിന് ശേഷവും കേരളത്തിലെ ക്രിസ്തുമതത്തിലേക്ക് നിരവധി ജാതി വിഭാഗങ്ങൾ എത്തിച്ചേർന്നു. കേരളത്തിൽ വന്നടിഞ്ഞ ക്രിസ്തുമതത്തിനുള്ളിൽ എക്കാലവും ജാതി വിവേചനം ദൃഢമായി നിലനിന്നിരുന്നു. എന്തായാലൂം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുന്നാക്ക ക്രിസ്ത്യാനിയെന്നും പിന്നാക്ക ക്രിസ്ത്യാനിയെന്നും സർക്കാർ ഔദ്യോഗികമായ ഒരു നിർവചനവും നൽകുകയുണ്ടായി.

ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പിന്നാക്ക വിഭാഗ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്(ലത്തീൻ കത്തോലിക്കർ, ആംഗ്ലോ ഇന്ത്യൻ, എസ്ഐയുസി, എസ്ഐയുസി നാടാർ, എസ്ഐയുസി ഇതര നാടാർ, പട്ടിക ജാതിയിൽ നിന്നും ക്രിസ്തുമതം (SCCC -ദളിത് ക്രിസ്ത്യൻ) സ്വീകരിച്ചവർ എന്നീ ക്രിസ്ത്യൻ വിഭാഗങ്ങളാണ് പിന്നാക്ക പട്ടികയിലുള്ളവർ.) പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങളെക്കുറിച്ച് ചെറുതും വലുതുമായ നിരവധി പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളിൽ സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും പിന്നാക്കം ജീവിക്കുന്ന ദലിത് ക്രൈസ്തവരെ കുറിച്ചാണ് ഇനി വരുന്ന ഭാഗങ്ങളിൽ അന്വേഷിക്കുന്നത്. പിന്നാക്ക ക്രിസ്ത്യാനികളായ ലത്തീൻ കത്തോലിക്കർ, നാടാർ ക്രിസ്ത്യൻ എന്നീ വിഭാഗങ്ങൾ ദലിത് ക്രൈസ്തവരോട് വിവേചനം കാണിക്കുന്ന ഒരു സാഹചര്യമാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പിന് പിന്നിൽ.

ദലിത് ക്രൈസ്തവരും ചരിത്രരചനകളും

കേരളത്തിൽ മുൻകാല അടിമജാതികൾ ക്രിസ്തുമതം സ്വീകരിച്ചതിനെ സൈദ്ധാന്തിക പിൻബലത്താൽ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്ന നിരവധി അക്കാദമിക പഠനങ്ങൾ നിലവിലുണ്ട്. ദലിത് ക്രൈസ്തവരെ സംബന്ധിച്ചുള്ള പഠനങ്ങൾ പ്രധാനമായും രണ്ട് ധാരകളിലാണ് ഉയർന്നു വന്നത്. അടിമ ജാതികൾ മതപരിവർത്തനം നടത്തിയത് എന്ത് കാരണത്താലാണെന്ന വിഷയത്തിലാണ് ഒരു വിഭാഗം ഗവേഷകർ അന്വേഷണം നടത്തിയത്. ഭൗതീക അവസ്ഥകളെ മെച്ചപ്പെടുത്താനുള്ള ശ്രമം, അടിമ- ജാതി ബന്ധനത്തിൽനിന്നുള്ള രക്ഷ,

കൊളോണിയൽ ഇക്കോണമിയുമായി ബന്ധപ്പെട്ട സാമൂഹ്യ മാറ്റം, മേൽജാതിക്കാരെ അനുകരിക്കാനുള്ള ശ്രമം, മാനസിക-വിശ്വാസ പരിവർത്തനം തുടങ്ങി അടിമജാതികൾ ക്രിസ്തുമതം സ്വീകരിച്ച പ്രതിഭാസത്തിന് നിരവധി വ്യാഖ്യാനങ്ങൾ സാമൂഹ്യ ശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്. കീഴാള ജാതികളുടെ ക്രിസ്തുമത സ്വീകരണം സാമ്പത്തിക വശത്താൽ പ്രചോദിതമാണെന്നും ഈ കാരണത്താൽ അവരുടെ ക്രിസ്ത്യൻ മത വിശ്വാസം ദുർബലമായിരുന്നെന്നും ആത്മാവിന്റെ മോക്ഷം എന്ന സങ്കല്പം അവരുടെ മത സ്വീകരണത്തിന് പിന്നിൽ ഇല്ലായിരുന്നു എന്നുമാണ് ഒരു കൂട്ടർ വാദിച്ചത്. എന്നാൽ ക്രിസ്തുമത സ്വീകരണത്തിലൂടെ ദലിത് ക്രിസ്ത്യാനികൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉയർച്ച നേടുന്നതിനോ, ക്രിസ്തുമതത്തെ ഒരു സാമൂഹ്യ മൂലധനമായിട്ടോ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല എന്നതിനെ ആരും തന്നെ നിഷേധിച്ചിരുന്നില്ല.

ദലിത് ക്രിസ്ത്യാനികൾ ക്രിസ്തുമതത്തിനുള്ളിൽ നിന്നും നേരിടുന്ന ജാതീയതയേയും, സാമൂഹിക മേഖലയിൽ നേരിടുന്ന വിവേചനത്തെയും പ്രശ്നവത്കരിക്കാൻ ശ്രമിച്ചിച്ച ഒരു വിഭാഗം ഗവേഷകരെയാണ് മറ്റൊരു ഭാഗത്ത് കാണാൻ കഴിയുന്നത്. ഇതിന്റെ ഭാഗമായി പുരാശേഖരങ്ങളുടെയും മറ്റ് പ്രാദേശിക വിവരശേഖരണങ്ങളുടെയും പിൻബലത്താൽ ക്രിസ്തുമത വിശ്വാസികളുടെ ഇടയിലെ ജാതി വിവേചനത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി നിരവധി അക്കാദമിക പണ്ഡിതന്മാർ ആധികാരികവും ഗൗരവുമാർന്ന ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്തവ സഭയ്ക്കുള്ളിൽ ജാതി വിവേചനത്തെ മനസ്സിലാക്കാൻ ശ്രമിച്ച ആദ്യകാല ഗവേഷകർ ഉപയോഗിച്ചിരുന്ന രീതിശാസ്ത്രം ഫീൽഡ് വർക്ക്‌ എന്നതായിരുന്നു. ദലിത് ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയുടെ തടസ്സങ്ങൾ എന്തെല്ലാമെന്ന ചോദ്യത്തിനെ ആയിരുന്നു അവർ കേന്ദ്രസ്ഥാനത്ത് നിർത്തിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജാതിയേയും ഇതര സാമൂഹിക വിവേചനങ്ങളെയും സംബോധന ചെയ്യാതെ ക്രിസ്ത്യാനികൾക്ക് എങ്ങനെ സുറിയാനി അന്തസ്സിലേക്ക് ഉയർത്തപ്പെടാമെന്നാണ് ആദ്യകാല സാമൂഹിക ശാസ്ത്രജ്ഞർ അന്വേഷിച്ചത്.

നാടാർ, മുക്കുവ സമുദായം ഒഴികെ ബാക്കി എല്ലാവിധ ജാതികൾക്കും സുറിയാനി ജാതിയായി ലയിക്കുവാൻ സാധിക്കുന്നുണ്ടെന്നും ദലിതർ അതിനെ മാതൃകയാക്കണമെന്നുമാണ് അവർ വാദിച്ചത്. അതേപോലെ മറ്റുചിലരാകട്ടെ നിത്യ ജീവിതത്തിലും ആത്മീയ ജീവിതത്തിലും ദലിത് ക്രിസ്ത്യാനികൾ നേരിടുന്ന സാമൂഹിക വിവേചനത്തിനെ ചോദ്യാവലിയിൽ തയ്യാറാക്കിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുവാനാണ് ശ്രമിച്ചത്. അതായത് സുറിയാനി ക്രിസ്ത്യാനികളോടും ദലിത് ക്രിസ്ത്യാനികളോടും ജാതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും അവയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ചില നിരീക്ഷണങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയിതു.

ദലിത് ക്രിസ്ത്യാനികളുടെ വീടിനുള്ളിൽ പ്രവേശിക്കാറുണ്ടോ, അവരുടെ വിവാഹങ്ങളിൽ പങ്കെടുക്കാറുണ്ടോ- ഭക്ഷണം കഴിക്കാറുണ്ടോ, പള്ളിയിൽ അവരുടെ സമീപത്ത് ഇരിക്കാറുണ്ടോ, അവരെ സ്പർശിക്കാറുണ്ടോ, അവരെ നിങ്ങളുടെ വീടുകളിൽ പ്രവേശിപ്പിക്കാറുണ്ടോ, ദലിത് ക്രിസ്ത്യാനികളുടെ വീടും പരിസരവും എങ്ങനെയാണ്, അവരുടെ വസ്ത്രധാരണം എങ്ങനെയാണ് തുടങ്ങി പ്രത്യക്ഷത്തിൽ ദൃശ്യമാകുന്ന ജാതി വിവേചനത്തെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവർ ചെയ്തിരുന്നത്. കെ സി അലക്‌സാണ്ടർ, നൈനാൻ കോശി തുടങ്ങിയ ശ്രദ്ധേയരായവരുടെ അന്വേഷണങ്ങൾ ഈ മേഖലയിൽ സഞ്ചരിച്ചവയായിരുന്നു.

1990-കൾ വരെ ഈ ഒരു രീതിശാസ്ത്രവുമായി നമുക്ക് ക്രൈസ്തവ വിശ്വാസികൾക്കിടയിലെ ജാതിയെ വിശകലനം ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ചോദ്യാവലികളുമായി ക്രിസ്ത്യാനികളെ സമീപിച്ചാൽ നിങ്ങൾക്ക് ജാതിയെ ഒരിക്കലും കണ്ടെത്താൻ ആകില്ല. മനുഷ്യർ അവരുടെ നിത്യജീവിതത്തിൽ നിലനിർത്തിയിരുന്ന ജാതി വിവേചനത്തിന്റെ കാഠിന്യം ഇന്ന് അത്രത്തോളം പ്രകടമല്ല. നിങ്ങൾക്ക് വളരെ വേഗത്തിൽ പ്രത്യക്ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ജാതികോളത്തിനുള്ളിലേക്ക് ഓരോ വ്യക്തികളെയും പ്രതിഷ്ഠിക്കുന്നതിന് ഇന്ന് സാധിക്കുകയില്ല. അതായത് സമൂഹത്തിൽ നിന്നും ജാതി പൂർണ്ണമായും അപ്രത്യക്ഷമായി എന്ന് ഇതുകൊണ്ട് അർത്ഥമില്ല. മറിച്ച്, ആദ്യകാല ചോദ്യാവലികൾ ഒരു പരിധിയോളം ഇന്നത്തെ ജീവിത സാഹചര്യങ്ങൾക്ക് മുന്നിൽ അപ്രസക്തമാണ് എന്നതാണ് ഇവിടെ അർത്ഥമാക്കുന്നത്.

ഇന്ന് പണം കൊടുത്താൽ സുറിയാനി ക്രിസ്ത്യാനി മെത്രാന്മാരും പുരോഹിതരും ദലിതരുടെ വീടുകളിലെ വിവാഹം-ശവമടക്കം-മാമ്മോദീസ തുടങ്ങി ഏത് ചടങ്ങും ചെയ്യാൻ തയ്യാറാണ്. സഭകൾക്കുള്ളിലെ ഇരിപ്പിടങ്ങൾ, ശവക്കല്ലറകൾ എന്നിവയെ നിരീക്ഷിച്ചാലൂം നിങ്ങൾക്ക് ഇന്ന് ജാതി വിവേചനം ദൃശ്യമാകണമെന്നില്ല. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ജാതി വിവേചനം എന്താണ് എന്ന് നിങ്ങൾക്ക് വ്യക്തമാകണമെങ്കിൽ ക്രൈസ്തവ സഭകൾ നേരിട്ട് നടത്തുന്നതും സർക്കാർ സഹായം കൈപ്പറ്റി നടത്തുന്നതുമായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രാതിനിധ്യം നോക്കിയാൽ മതി. ‘മെറിറ്റ്’ എന്നതിനെ അട്ടിമറിച്ച് സ്വന്ത ജാതി വിഭാഗങ്ങളെ മാത്രം ഉദ്യോഗസ്ഥരായി നിയമിക്കുന്ന സഭകളുടെ നിലപാടിനെയാണ് ഇന്ന് ജാതി വിവേചനം എന്ന് വ്യക്തമായി വിളിക്കാൻ സാധിക്കുന്നത്. ക്രൈസ്തവ വിശ്വാസികളിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ക്രിസ്ത്യാനികൾക്കിടയിൽ ഏറ്റവും കുറവ് പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്, അതായത് ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്നത് ദലിത് ക്രിസ്ത്യാനികളാണ്.

ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ജാതി

2021 ലെ കണക്കുകൾ പ്രകാരം 95 എയിഡഡ് കോളേജുകളാണ് മുന്നാക്ക – ലത്തീൻ -SIUC ക്രിസ്ത്യാനികൾ സ്വന്തമായി നടത്തുന്നത്. ഇതിന്റെ രണ്ട് ഇരട്ടി മുന്നോക്ക- ലത്തീൻ -SIUC ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നത് ക്രിസ്ത്യൻ സഭകൾ നടത്തുന്ന സ്‌കൂൾ, ഹയർ സെക്കണ്ടറി മേഖലയിലാണ്. 2021- ൽ ക്രിസ്ത്യൻ മാനേജുമെന്റുകൾ 2596 എയിഡഡ് സ്‌കൂളുകളാണ് സ്വന്തമായി നടത്തിവരുന്നത് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ന്യൂനപക്ഷ പദവിയിൽ സ്ഥാപിതമായ കേരളത്തിലെ ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്നും ദളിത് ക്രൈസ്തവരെ പൂർണ്ണമായി ജാതിയുടെ പേരിൽ ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. ക്രിസ്ത്യൻ കോളേജുകളിൽ ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നവരുടെ ജാതിയും, യോഗ്യതയും പരിശോധിച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ ദലിത് ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും. കേരളത്തിലെ നാല്പത് ക്രിസ്ത്യൻ എയിഡഡ് കോളജുകളിൽ ജോലി ചെയ്യുന്ന അധ്യാപ- അനധ്യാപകരുടെ ജാതി തിരിച്ചുള്ള പട്ടിക കേരളത്തിലെ ദലിത് ക്രൈസ്തവരെ എങ്ങനെയാണ് ക്രിസ്ത്യൻ സഭകൾ പരിഗണിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കി തരുന്നതാണ്.

മുന്നാക്ക ക്രിസ്ത്യാനികളും നായന്മാരും അടക്കിവാഴുന്നയിടമാണ് കേരളത്തിലെ ക്രിസ്ത്യൻ എയിഡഡ് സ്ഥാപനങ്ങൾ. ഇത് കേവലമായി കേരളത്തിലെ കോളേജുകളിൽ മാത്രം കാണുന്ന ഒരു ജാതി കാഴ്ചയല്ല. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെയും കേരളത്തിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെ പട്ടിക പരിശോധിച്ചാലും ഈ ജാതിസഖ്യത്തിനെ മാത്രമേ നാം കാണുകയുള്ളു.

കേരളസംസ്ഥാനം രൂപംകൊണ്ടതിനു ശേഷമുള്ള മന്ത്രിമാരുടെ സാമുദായിക/ ജാതി പ്രാതിനിധ്യം സമീപകാലത്തായി ചില മാധ്യമങ്ങൾ ക്രോഡീകരിക്കുകയുണ്ടായി. എന്താണ് ജാതി മേൽക്കോയ്മ അഥവാ കേരളത്തിലെ നായന്മാരുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സർവാധിപത്യം എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ഡാറ്റ.

അറുപത്തിയേഴ്‌ വയസ്സ് പ്രായമുള്ള കേരളസംസ്ഥാനത്തെ അഞ്ച് മുഖ്യമന്ത്രിമാർ നായർ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു, ഇവരാകട്ടെ മാറി മാറി മുപ്പത് വർഷത്തോളം കേരളം ഭരിക്കുകയുണ്ടായി ക്രിസ്ത്യാനികളാകട്ടെ പന്ത്രണ്ട് വർഷവും. 2021-വരെ നായന്മാരിൽ നിന്നും 116-ആളുകളാണ് കേരളത്തിൽ മന്ത്രിമാരായി ഭരണം നടത്തിയത്. സുറിയാനി ക്രിസ്ത്യാനികളിൽ നിന്നാകട്ടെ 77- ആളുകൾ കേരളത്തിലെ മന്ത്രിമാരായി. എന്നാൽ കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഈഴവരിലെ നിന്നും 64- പേർക്കും മുസ്ലിങ്ങളിൽ നിന്ന് 65-പേർക്കുമാണ് മന്ത്രിമാരാകാൻ അവസരം ലഭിച്ചത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ ആദിവാസികളിൽ നിന്നും ഇത്രയും കാലമായി ഒരേ ഒരു വ്യക്തിമാത്രമാണ് മന്ത്രിയായത്. ഇനി മുഖ്യമന്ത്രിമാരുടെ പട്ടിക പരിശോധിച്ചാൽ അവിടെയും നായന്മാർ തന്നെയാണ് ആധിപത്യം നിലനിർത്തിയിരിക്കുന്നത്.

ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയ പ്രാതിനിധ്യം പരിശോധിച്ചാൽ ജാതി വിവേചനം എന്താണ് എന്ന് കൂടുതൽ വ്യക്തമാകും. 1960-64 വർഷങ്ങളിൽ പി ചാക്കോ എന്ന ഒരു കേരള നിയമസഭ പ്രതിനിധിയ്ക്ക് ശേഷം കഴിഞ്ഞ 59 വർഷമായി ദലിത് ക്രൈസ്തവരിൽ നിന്നും ഒരു നിയമസഭ സാമാജികൻ ഉണ്ടായിട്ടില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. ഇനി മുകളിൽ സൂചിപ്പിച്ച എയ്ഡഡ് സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിലേക്ക് തിരിച്ചു വരാം.

എല്ലാവിധ ക്രൈസ്തവ സഭകളും അവരുടെ ഭരണഘടനയിലെ മറ്റ് നിയമാവലികളിലും ദലിത് ക്രൈസ്തവർക്ക് നിശ്ചിത സംവരണം നൽകണമെന്ന് പ്രഖ്യാപിക്കുമെങ്കിലും അതിന്റെ പകുതിയുടെ പകുതി ശതമാനംപോലും ഒരു സഭയും ദലിതർക്ക് നൽകുന്നില്ല. ക്രിസ്ത്യൻ സ്ഥാപനങ്ങൾ ജാതി ശ്രേണിയിൽ പ്രവർത്തിക്കുന്ന ഇടങ്ങളാണ് എന്നതിന്റെ നേർ ചിത്രമാണ് ഈ ടേബിൾ നമുക്ക് നൽകുന്നത്. 1467 അധ്യാപകരിൽ 1447 ആളുകളുടെ ജാതി തിരിച്ചുള്ള വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ബാക്കി വരുന്ന ഇരുപത് അധ്യാപകർ മുന്നാക്ക ഹിന്ദുക്കളിൽ ഉൾപ്പെട്ടിരിക്കുന്നവരാണ്. ഇതിൽ നാല് കോളേജുകളിൽ ക്രിസ്ത്യാനികളായ അധ്യാപകരും-അനധ്യാപകരും മാത്രമാണ് ജോലി ചെയ്യുന്നത്.

അധ്യാപകരായ പിന്നാക്ക ജാതിയിലെ എൺപത്തിയൊന്ന് പേരിൽ 60 പേർ ഈഴവ/തിയ്യ ജാതിയിൽ നിന്നുള്ളവരാണ്. ഈ 40 കോളേജുകളിൽ ഉൾപ്പെട്ടിരിക്കുന്ന ലത്തീൻ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലാകട്ടെ ദലിത് ക്രൈസ്തവരിൽ നിന്ന് ആരെയും അധ്യാപകരായും അനധ്യാപകരായും പരിഗണിച്ചിട്ടില്ല. നാമമാത്രമായ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം മാത്രമാണ് ഇവരുടെ സ്ഥാപനങ്ങളിൽ നിലനിർത്തിയിരിക്കുന്നത്. ഡാറ്റ കാണിക്കുന്നത് ഇതര ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ലത്തീൻ കത്തോലിക്കർക്ക് ഈഴവരേക്കാൾ കൂടുതൽ പ്രാധിനിത്യം ലഭിക്കുന്നുണ്ട് എന്നാണ്. എന്നാൽ ക്രിസ്ത്യൻ കോളേജുകളിലെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം നോക്കുമ്പോൾ പട്ടിക ജാതി/വർഗത്തിനേക്കാൾ പ്രാതിനിധ്യം കുറവാണ് ദലിത് ക്രിസ്ത്യാനികൾക്ക് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും കുറവ് പ്രതിനിധ്യമാകട്ടെ മുസ്ലിങ്ങൾക്കാണ്.

സാമൂഹികമായി ദലിത് ക്രൈസ്തവരെ അവഗണിക്കുന്നതിന്റെ നേർ കാഴ്ചയാണ് ക്രിസ്ത്യൻ കോളേജുകളിൽ കാണാൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് ക്രൈസ്തവ ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരെ സഭകളുടെ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളിൽ നിയമിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇതിന്റെ ഉത്തരം ജാതി വിവേചനം എന്നത് മാത്രമാണ്. എന്നാൽ ദലിത് ക്രൈസ്തവരെ ഒഴിവാക്കുന്നതിന് കാരണം പറയുന്നതാകട്ടെ മെറിറ്റ് ഇല്ല എന്നതാണ്. എന്തുകൊണ്ടാണ് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു വന്ന ഒരു വിഭാഗത്തിന് മാത്രമായി മെറിറ്റ് ഇല്ലാതായത് എന്ന ചോദ്യമാണ് ഇത്തരം വാദങ്ങൾക്ക് വിപരീതമായി ഉയരുന്നത്.

മെറിറ്റ് വാദം മുൻപോട്ട് വെയ്ക്കുന്ന ക്രിസ്ത്യൻ എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർ ഗവേഷണ – വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് സംഭാവനയാണ് നൽകിയിരിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. സ്വന്തമായി പണം മുടക്കി നിലവാരം കുറഞ്ഞതും യാതൊരു മാനദണ്ഡവുമില്ലാത്ത ജേർണലുകളിൽ ലേഖനം അച്ചടിപ്പിക്കുകയും അതേപോലെ ഗൈഡുകൾ മാത്രം തയ്യാറാക്കാൻ അറിയാവുന്ന അധ്യാപകരെ ചൂണ്ടിക്കാണിച്ചാണ് മെറിറ്റിനെ കുറിച്ച് അവർ സംസാരിക്കുന്നത്.

ക്രൈസ്തവ സഭകളിലെ പുരോഹിതരുടെ പട്ടിക എടുത്താലും, സഭയുടെ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്കുകൾ എടുത്താലും, കേരളത്തിലെ മെത്രാന്മാരുടെയോ അവരുടെ ഡ്രൈവർമാരുടെയോ കണക്കെടുത്താലും അവിടെ ഒന്നും ഒരു ദലിത് ക്രിസ്ത്യാനിയെ നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല. ഈ അകറ്റിനിർത്തലിനെയാണ് ജാതി വിവേചനം എന്ന് വിളിക്കുന്നത്. സർക്കാരിന്റെയും ക്രൈസ്തവ സഭകളുടെയും സംവിധാനങ്ങളിൽ യാതൊരു പ്രാതിനിധ്യവും ലഭിക്കാത്ത ദലിത് ക്രൈസ്തവർ അവരുടെ സംഘടനകളിലൂടെ മുൻപോട്ട് വെച്ചത് പട്ടിക ജാതിപദവി എന്ന ഒരു ആവശ്യം മാത്രമായിരുന്നു.

ഇന്നത്തെ കേരളത്തിൽ ജാതി വിവേചനത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രാതിനിധ്യം എന്ന സങ്കല്പത്തിനെ കേന്ദ്രത്തിൽ നിർത്തിവേണം ആലോചനകൾ നടത്താൻ എന്ന വാദമാണ് ഈ ലേഖനം മുൻപോട്ട് വെയ്ക്കുന്നത്. അതായത് ദലിതർക്ക് മുൻകാലങ്ങളിൽ കൃത്യമായ പ്രതിനിധ്യമുണ്ടായിരുന്നു എന്ന് ഇതുകൊണ്ട് അർത്ഥമാക്കരുത്. സമകാലിക കേരളത്തിലെ അധികാരങ്ങളുടെ എല്ലാവിധയിടങ്ങളിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഉൾപ്പെടെ ജാതി ശ്രേണിയിലാണ് സ്ഥാനങ്ങൾ നിലനിർത്തിയിരിക്കുന്നത്. ഇതിനെ തിരുത്തുന്നയിടത്തിൽ മാത്രമേ ഏതൊരു സഭയും രാഷ്ട്രീയ പ്രസ്ഥാനവും ജനാധിപത്യത്തിലേക്ക് പ്രവേശിക്കുകയുള്ളു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും പഠനം കഴിഞ്ഞുവന്ന കെ ആർ നാരായണനെ ഒറ്റപ്പാലം എന്ന സംവരണ മണ്ഡലത്തിലാണ് മലയാളികൾ മത്സരിപ്പിച്ചത് എന്ന മനുഷ്യത്വ വിരുദ്ധ പ്രവർത്തനത്തെ എന്ന് കേരളം തിരിച്ചറിയുമോ അന്ന് മാത്രമേ കേരളം ഒരു ആധുനിക സമൂഹമായി മാറുകയുള്ളൂ.

വിനിൽ പോൾ: ചരിത്ര ഗവേഷകൻ, മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിൽ ബിരുദവും പാസായി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്‌റ്റഡീസിലെ ആധുനിക ചരിത്ര വിഭാഗത്തിൽ നിന്ന് കേരളത്തിലെ അടിമത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി.

അടിമകേരളത്തിന്റെ അദ്യശ്യ ചരിത്രം, ദളിത് ചരിത്രദംശനം, മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റ വിമോചന ദൈവശാസ്ത്രം, മൃഗയ:കേരളത്തിന്റെ നായാട്ടു ചരിത്രം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

FAQs

എന്താണ് ക്രിസ്തുമതം?

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം, ത്രിത്വം, യേശുക്രിസ്തുവിൻ്റെ കുരിശുമരണം മൂന്നു നാളിനുള്ളിലെ ഉയിർത്തെഴുന്നേൽപ്പ് എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) മതമാണ്‌. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌.

ആരാണ് കെ ആർ നാരായണൻ?

ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു കെ ആർ നാരായണൻ.നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌.

ആരാണ് ദലിത് ക്രിസ്താനികൾ?

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു വിഭാഗം ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് ദലിത് ക്രിസ്ത്യാനികൾ എന്നത്.

ആരാണ് ആംഗ്ലോ ഇന്ത്യൻസ്?

യൂറോപ്യൻ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ്‌ ആംഗ്ലോ-ഇന്ത്യക്കാർ എന്നറിയപ്പെടുന്നത്. യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവർ. പോർത്തുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്വിസ്സ്, ഇറ്റാലിയൻ, ഓസ്ട്രിയൻ വംശജരുടെ പിന്മുറക്കാരാണ്‌ ഇവർ.

ആരാണ് നൈനാൻ കോശി?

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാൻ കോശി.

Quotes

‘ഭരണഘടന നമ്മളെയാണോ നമ്മൾ ഭരണഘടനയെയാണോ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്’ – കെ ആർ നാരായണൻ

By വിനിൽ പോൾ

ചരിത്ര ഗവേഷകൻ, മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിൽ ബിരുദവും പാസായി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്‌റ്റഡീസിലെ ആധുനിക ചരിത്ര വിഭാഗത്തിൽ നിന്ന് കേരളത്തിലെ അടിമത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. അടിമകേരളത്തിന്റെ ആദ്യശ്യ ചരിത്രം, ദളിത് ചരിത്രദംശനം, മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റ വിമോചന ദൈവശാസ്ത്രം , മൃഗയ : കേരളത്തിന്റെ നായാട്ടു ചരിത്രം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.