Mon. Dec 23rd, 2024

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് ചുമതല. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്‌നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു. അതേസമയം, വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായുള്ള സ്വപ്നയുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം