Tue. Nov 5th, 2024

ഇസ്ലാമാബാദ്: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെയാണ് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ലണ്ടന്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കങ്ങളെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസ് നീക്കത്തെ പ്രവര്‍ത്തകര്‍ ശക്തമായി ചെറുക്കുന്നതിനാല്‍ ലാഹോറിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ഇന്നും സംഘര്‍ഷം തുടരുകയാണ്. ഇന്ന് രാവിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനത്തിനു നേരെയുള്ള അതിക്രമം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഈമാസം 18ന് കോടതിയില്‍ ഹാജരാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം