Mon. Jan 13th, 2025

ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഭാഗമായ 22,000 പേര്‍ക്ക് മാപ്പ് നല്‍കി ഇറാന്‍ ഭരണകൂടം. ഇറാന്‍ ജുഡീഷ്യല്‍ മേധാവി ഖോലംഹൊസൈന്‍ മൊഹ്‌സെനി ഇജെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവരും പ്രക്ഷോഭങ്ങളില്‍ അറസ്റ്റിലായവരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയാണ് മാപ്പ് നല്‍കാനുള്ള തീരുമാനമെടുത്തത്. അടുത്തയാഴ്ച പേര്‍ഷ്യന്‍ പുതുവത്സര ആഘോഷമായ നുറൂസ് നടക്കുന്നതിന് മുന്നോടിയായാണ് ഭരണകൂടം പ്രക്ഷോഭകര്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ആകെ 82,000 പേര്‍ക്ക് മാപ്പ് നല്‍കിയെന്നും ഇതില്‍ 22,000 പേര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരാണ്. അതേസമയം, മാപ്പ് കാലാവധി ഏതെങ്കിലും കാലയളവിലേക്ക് മാത്രമുള്ളതാണോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ നിരവധി പേരെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്. മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ 333 പേര്‍ക്ക് ഇറാനില്‍ വധശിക്ഷ നടപ്പാക്കി. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ 64 കുട്ടികളും 39 സ്ത്രീകളുമടക്കം 488 പേരാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേര്‍ വധഭീഷണി നേരിടുന്നതായും സൂചനയുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം