Mon. Dec 23rd, 2024

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ  ആക്രമണത്തിൽ വിമര്‍ശനമുന്നയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം സ്വത്വത്തിന്റെ പേരില്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കുറ്റവാളികള്‍ക്ക് എതിരെ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കണമെന്നും ക്യാമ്പസില എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പിണറായി വിജയൻ  ആവശ്യപ്പെട്ടു. മാർച്ച് 10 ന് ക്യാമ്പസിനകത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സെല്‍ഫി എടുത്തെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളെ സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചിരുന്നു. നഷീല്‍, അഭിഷേക്, അദ്നാന്‍, ആദില്‍ റാഷിഫ് എന്നിവരെയാണ്  പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത കേന്ദ്ര സര്‍വകലാശാലകളില്‍ വ്യാപകമാണെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.