Wed. Jan 22nd, 2025

അഹ്മദാബാദ്: ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയില്‍ ബിബിസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഡോക്യുമെന്ററി മോദിക്കെതിരല്ല രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കെതിരെ ആണെന്നും ഗുജറാത്ത് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ആരോപിച്ചു. രാജ്യസേവനത്തിനായി ജീവിതം സമര്‍പ്പിച്ചയാളാണ് മോദിയെന്നും വികസന ആയുധം ഉപയോഗിച്ച് ദേശദ്രോഹികള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന പേരില്‍ ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് എംബസി രേഖകളും മുന്‍ ഇന്ത്യന്‍ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചായിരുന്നു ഡോക്യുമെന്ററി. ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്ഡില്‍ വരെയാണ് പ്രതികാര നടപടി എത്തി നിന്നത്.