Sat. Jan 18th, 2025

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാൻ ചൈനീസ് സർക്കാർ വിസമ്മതിച്ചതായി യു എസ് രഹസ്യാന്വേഷണ മേധാവി. വൈറസ് സ്വാഭാവികമായി ഉയർന്നുവന്നതാണോ അതോ ലാബ് ചോർച്ചയുടെ ഫലമാണോ എന്ന് നിർണയിക്കാനുള്ള അമേരിക്കയുടെ അന്വേഷണത്തെ ചൈന തടസ്സപ്പെടുത്തയെന്നാണ് യു എസ് രഹസ്യാന്വേഷണ മേധാവി അവ്രില്‍ ഹെയ്ന്‍സ് ആരോപിച്ചത്.

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വൈറസിന്‍റെ ആവിർഭാവത്തെക്കുറിച്ച് അന്വേഷണം തുടരാൻ പ്രതിജ്ഞാബദ്ധരാണെന്ന് സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ ഹിയറിംഗില്‍ അവ്രില്‍ ഹെയ്ന്‍സ് വ്യക്തമാക്കി. ചൈനീസ് ലാബിൽ നിന്നാണ് വൈറസ് ചോർന്നതെന്ന യു എസ് എനർജി ഡിപ്പാർട്ട്മെന്റിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിനു ശേഷം മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. അതേ സമയം ചൈനീസ് ലാബിൽ നിന്നാണ് വൈറസ് ചോർന്നതെന്ന് ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷനും സ്ഥിരീകരിച്ചിരുന്നു.