കണ്ണൂർ : വൈദേകം ആയൂര്‍വേദ റിസോര്‍ട്ടിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഇപി ജയരാജന്റെ കുടുംബം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടേയും മകന്‍ ജെയ്‌സണിന്റേയും ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ഇപിയുടെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു.
റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കാനുള്ള തീരുമാനം. ഇന്ദിരയുടെ പേലില്‍ 81.99 ലക്ഷത്തിന്റെ ഓഹരിയും ജെയ്‌സണ്‍ ജയരാജന് 10 ലക്ഷം രൂപയുടെയും ഓഹരിയാണ് ഉള്ളത്. റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു.