Sun. May 19th, 2024

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ അമലിന് ഹെൽത്ത് ടോണിക്കിന് പകരം ചുമക്കുള്ള മരുന്ന്  നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് മെഡിക്കൽ കോളേജിലെ ന്യായവില മരുന്ന് സ്റ്റോറിൽ നിന്ന് മരുന്ന് മാറി നൽകിയത്. അതേസമയം, മരുന്ന് എഴുതി നൽകിയത് തുണ്ട് കടലാസിലാണെന്നും മികച്ച ചികിത്സ കിട്ടാൻ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മരുന്ന് കഴിച്ചതിനെ തുടർന്ന് രോഗിയുടെ ശരീരത്തിൽ  ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.  സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. അലർജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നായിരുന്നുവെന്നും മരുന്ന് കഴിച്ച രോഗിക്ക് അപസ്മാരം വന്നതായും മെഡിക്കൽ കോളേജ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.