25 വര്‍ഷക്കാലം കല്‍പ്പണിയായിരുന്നു സെലീനയുടെ തൊഴില്‍. തൃക്കാക്കര ശ്മശാനം കരാറെടുത്ത് നടത്തിയിരുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. മൂന്നു വര്‍ഷം സഹായിയായി നിന്നു. പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ ശ്മശാനം ഏറ്റെടുത്തു.
12 വര്‍ഷമായി തൃക്കാക്കര ശ്മശാനം സെലീന സ്വന്തമായി കരാര്‍ എടുത്തു നടത്താന്‍ തുടങ്ങിയിട്ട്. ഇതിനിടെ പല തവണ ഈ ജോലി മതിയാക്കി കല്‍പ്പണി മേഖലയിലേയ്ക്ക് തിരിച്ചുപോകാന്‍ തോന്നിയിട്ടുണ്ടെന്ന് സെലീന പറയുന്നു. മറ്റൊന്നും കൊണ്ടല്ല, ചെയ്യുന്ന ജോലിയ്ക്ക് കൂലി കുറവായത് കൊണ്ടാണ് സെലീന ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.
മുന്‍സിപ്പാലിറ്റി നിശ്ചയിച്ച തുകയില്‍ നിന്നും എല്ലാ ചിലവുകളും കഴിഞ്ഞ് തുച്ചമായ പൈസയാണ് സെലീനയ്ക്ക് കൂലിയായി കിട്ടുക. ഇത് പര്യാപ്തമല്ലെന്നും മുന്‍സിപ്പാലിറ്റി ഇടപെട്ട് ഇപ്പോഴുള്ള ടെണ്ടറില്‍ തന്നെ സ്ഥിരം കാരാര്‍ ആക്കി നല്‍കണം എന്ന് സെലീന ആവശ്യപ്പെടുന്നു.സ്ത്രീകള്‍ തീരെ കടന്നുചെല്ലാത്ത തൊഴില്‍ മേഖലയായ ശ്മശാനം സൂക്ഷിപ്പ്കാരിയിലേയ്ക്ക് സെലീന എത്തുന്നത് വീട്ടിലെ പ്രാരാബ്ദങ്ങള്‍ കൊണ്ടാണ്.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ രണ്ടു പെണ്‍കുട്ടികളുടെ പഠനം, വിവാഹം എല്ലാം സെലീനയുടെ മുമ്പില്‍ ചോദ്യചിഹ്നമായി. തോല്ക്കാന് സെലീന തയ്യാറായിരുന്നില്ല. ജീവിതാനുഭാവങ്ങള്‍ തന്നെ ധൈര്യവതിയാക്കിയെന്നും ഏതു തൊഴില്‍ ചെയ്യാനും സ്ത്രീ പ്രാപ്തയാണെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയാണെന്നും സെലീന പറയുന്നു.
ബന്ധുക്കളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ആദ്യമൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പിന്തുണച്ച് കൂടെ നിന്നത് മക്കളാണ്. ആര് എതിര്‍പ്പുമായി വന്നാലും തന്റെ തൊഴില്‍ തുടര്ന്നുകൊണ്ട്പോകും എന്നുതന്നെയാണ് സെലീനയ്ക്ക് പറയാനുള്ളത്. കാരണം ജീവിതമല്ലേ ജീവിച്ചല്ലേ പറ്റൂ എന്ന് സെലീന തന്നെ പറയുന്നു.