പശ്ചിമ ബംഗാളിൽ ശ്വാസകോശ അണുബാധയെത്തുടർന്ന് ഏഴു കുട്ടികൾ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് . സംസ്ഥാനത്ത് ഇതുവരെ 12 അഡെനോവൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ എട്ട് പേര്‍ക്ക് രോഗബാധയുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോൾ സംഭവിച്ച മരണങ്ങള്‍ അഡെനോവൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല .
നിലവിലെ സീസണില്‍ അക്യൂട്ട് റെസ്പിറേറ്ററി അണുബാധകള്‍ സാധാരണമാണെന്നും നിലവില്‍ വൈറല്‍ പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്നും 121 ആശുപത്രികളിലായി 600 ശിശുരോഗ വിദഗ്ധരെയും 5,000 കിടക്കകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ച് കുട്ടികളും ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ രണ്ട് കുട്ടികളും മരിച്ചു. അഡെനോവൈറസ് ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5,213 എആര്‍ഐ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു