Sat. May 4th, 2024

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. മാസ ശമ്പളം ആദ്യ ആഴ്ച്ചയില്‍ തന്നെ നല്‍കണമെന്ന് ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ തീരുമാനം പുന:പരിശോധിക്കാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. പുതിയ ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍ നേരിട്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് നിലപാട് തേടിയത്. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കുലര്‍ വ്യത്യാസപ്പെടുത്തണമെന്നും ഹൈക്കോടതി പറഞ്ഞു. സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി ചെയ്ത ക്രമീകരണം മാത്രമാണ ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനം. ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിച്ചിട്ടില്ല. ശമ്പളം വൈകി നല്‍കുന്നതിനു പകരം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്താണ് നടപടി എന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം