Sun. Dec 22nd, 2024

കൊച്ചി: വരാപ്പുഴ പടക്കശാല സ്‌ഫോടനത്തില്‍ പടക്കശാല ഉടമ ജെയ്സനെതിരെ നരഹത്യ കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്ത് പൊലീസ്. ഐപിസി 308, 304 വകുപ്പുകളും എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിട ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, അപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമാണ്. വില്‍പ്പനയ്ക്ക് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനോ നിര്‍മാണത്തിനോ ഉള്ള അനുമതിയു ലൈസന്‍സും ഇല്ലായിരുന്നു. ഇത്തരത്തില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് വലിയ തോതില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സി ഉടമയുടെ സഹോദരന്‍ ജെന്‍സനാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. കെട്ടിടം ഇവരുടെ ബന്ധുവിന്റേതാണ്. ഈ ബന്ധുവില്‍ നിന്നും വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ബന്ധുവിന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പടക്കശാലയുടെ ഉടമയുടെ ബന്ധുവായ ഡേവിസ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രദേശത്തെ പത്തില്‍ കൂടുതല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം