Sun. Dec 22nd, 2024

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം ഉടന്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ വച്ചെങ്കിലും ഇപ്പോള്‍ നികുതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മന്ത്രിസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് നികുതി പരിഷ്‌കരണം വരുമ്പോള്‍ ധനസമാഹരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായി മുന്നോട്ട് വച്ച നിര്‍ദേശം മാത്രമാണിത്. ഇതുസംബന്ധിച്ച് പരിശോധിക്കേണ്ടത് തദ്ദേശ വകുപ്പാണ്. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാകില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

അതേസമയം, ഭാവിയില്‍ തദ്ദേശ വകുപ്പ് വിശദമായ പരിശോധന നടത്തിയ ശേഷം നികുതി നടപ്പാക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നിയാല്‍ നടപ്പിലാക്കേണ്ടി വന്നേക്കാമെന്ന സൂചനയും അദ്ദേഹം നല്‍കി. അടച്ചിട്ട വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന ബജറ്റിലെ നിര്‍ദേശത്തിന് പിന്നാലെവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പലവിധ സാഹചര്യങ്ങള്‍ കൊണ്ടാണ് പണിതുയര്‍ത്തിയ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ പലര്‍ക്കും പ്രവാസം ഉള്‍പ്പെടെയുള്ള വഴി തെരഞ്ഞടുക്കേണ്ടി വന്നതെന്നും അതിന്റെ പേരില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നും സബ്മിഷന്‍ അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം