Wed. Jan 22nd, 2025

ഹോങ്കോങ്: 945 ദിവസങ്ങള്‍ക്ക് ശേഷം മാസ്‌ക് ഒഴിവാക്കി ഹോങ്കോങ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരുന്ന രാജ്യമായിരുന്നു ഹോങ്കോങ്. ഹോങ്കോങ്ങില്‍ വൈറസ് നിയന്ത്രണത്തിലായെന്ന് നഗര നേതാവ് ജോണ്‍ ലീ പറഞ്ഞു. 2020 ജൂലൈയിലാണ് ഹോങ്കോങില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 ഹോങ്കോങ്ങ് ഡോളര്‍ വരെ പിഴ ഈടാക്കുമായിരുന്നു. നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഹോങ്കോംഗ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും ലീ പറഞ്ഞു. നഗരത്തിലെ കൊവിഡ് നയങ്ങളെക്കുറിച്ച് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാസ്‌ക് നിയന്ത്രണം നീക്കിയതിനെയും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും നിരവധി പ്രദേശവാസികള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സീറോ കൊവിഡ് നയം പ്രകാരം വൈറസിനെ നേരിടാനുള്ള ചൈനയുടെ ശ്രമം ഹോങ്കോങും പിന്തുടര്‍ന്നിരുന്നു. കര്‍ശനമായ ക്വാറന്റൈന്‍ നിയമങ്ങള്‍, പൊതു സ്ഥലങ്ങളില്‍ ഒത്തുകൂടുന്ന ആളുകളുടെ എണ്ണത്തില്‍ പരിമിതികള്‍, നഴ്‌സിംഗ് ഹോമുകളിലെ സന്ദര്‍ശകരെ നിയന്ത്രിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ഈ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പിന്‍വലിച്ചിരുന്നു. ഈ കടുത്ത നിയമങ്ങള്‍ ഹോങ്കോങ്ങിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്ന് വ്യവസായ മേഖല ആരോപിച്ചിരുന്നു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹോങ്കോംഗ് അടുത്ത ആഴ്ചകളില്‍ അര ദശലക്ഷം വിമാന ടിക്കറ്റുകള്‍ നല്‍കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം