ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 16 ൽ നിന്നും 18 ആയി ഉയർത്തി. നിർബന്ധിത വിവാഹത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാനാണ് നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഇംഗ്ലണ്ടിൽ 16 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാമായിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിതരായ യുവാക്കളെ ഈ നിയമം സംരക്ഷിക്കുമെന്ന് ബ്രിട്ടന്റെ ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ ഡൊമിനിക് റാബ് പറഞ്ഞു. മുൻപ് നിർബന്ധിത വിവാഹത്തിൽ ഭീഷണി പോലുള്ള കാര്യങ്ങൾ ഉൾപ്പെടുന്നുവെങ്കിൽ മാത്രമേ അത് കുറ്റകരമായി കണക്കാക്കിയിരുന്നുള്ളു. ഏഴ് വർഷം തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്തിട്ടുള്ളത്. വിവാഹത്തിനുള്ള 18 വയസ്സ് ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് യുകെ സർക്കാർ പറയുന്നു.