Sun. Dec 22nd, 2024

വീണ്ടും ഒരു കൂട്ടം ജീവനക്കാരുടെ പിരിച്ചുവിടലുമായി ട്വിറ്റര്‍. ജീവനക്കാരില്‍ പത്ത് ശതമാനം പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിട്ടവരില്‍ ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്ഫോമിനും നേതൃത്വം നല്‍കിയിരുന്ന എസ്തര്‍ ക്രോഫോര്‍ഡിനും ജോലി നഷ്ടമായി. പരിമിതമായ ഡെഡ്ലൈനുകളില്‍ മുഴുവന്‍ സമയവും ഓഫീസില്‍ ഇരുന്ന് ജോലിയെടുത്ത ആളാണ് ക്രോഫോര്‍ഡ്. ട്വിറ്റര്‍ ഓഫീസില്‍ തന്നെ സ്ലീപ്പിങ് ബാഗില്‍ കിടന്നുറങ്ങുന്ന തന്റെ ചിത്രം ഒരിക്കല്‍ ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

പ്ലാറ്റ്ഫോര്‍മര്‍ ന്യൂസ് മാനേജിങ് എഡിറ്റര്‍ സോ ഷിഫര്‍ ആണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. ദി വെര്‍ജിലെ അലെക്സ് ഹെല്‍ത്തും ക്രോഫോര്‍ഡ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പിരിച്ചുവിടല്‍ സ്ഥിരീകരിച്ചു. ട്വിറ്ററിലെ പഴയ ടീമിനെ മാറ്റി പുതിയൊരു സംഘത്തെ കൊണ്ടുവരാനുള്ള മസ്‌കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പിരിച്ചുവിടലുകള്‍ എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ തന്നെയാണ് ക്രോഫോര്‍ഡ് ട്വിറ്ററിന്റെ നേതൃത്വനിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബറില്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്. 200 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2021-ല്‍ ട്വിറ്റര്‍ ഏറ്റെടുത്ത ന്യൂസ് ലെറ്റര്‍ പ്ലാറ്റ്ഫോമായ റിവ്യുന്റെ സ്ഥാപകനും പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം