ചണ്ഡീഗഢ്: ഹരിയാനയിലെ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാലിക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ ജുനൈദിന്റേതും നസീറിന്റേതുമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ഇരുവരെയും കാലിക്കടത്താരോപിച്ച് ആക്രമണത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊല്ലുകയായിരുന്നു. ഫെബ്രുവരി 16നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കാറില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹങ്ങളും വാഹനത്തില്‍ നിന്ന് കണ്ടെത്തിയ രക്തക്കറകളും നസീറിന്റെയും ജുനൈദിന്റെയും തന്നെയാണെന്ന് ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചതായി ഭരത്പൂര്‍ റേഞ്ച് ഐ ജി ഗൗരവ് ശ്രീവാസ്തവ് പറഞ്ഞു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകരായ ഗോസംരക്ഷക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടതാണോ അപകടത്തില്‍ മരിച്ചതാണോ എന്ന് പറയാനായിട്ടില്ലെന്നും വാഹനത്തില്‍ നിന്ന് അതിന് തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചിരുന്നു. അതേസമയം, കേസില്‍ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മുഖ്യപ്രതിയായ മോനു മനേസറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു. മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ മോനു മനേസറിനെ പ്രതിപട്ടികയില്‍ നിന്നും രാജസ്ഥാന്‍ പൊലീസ് ഒഴിവാക്കിയിരുന്നു.