അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേര്‍ അറസ്റ്റില്‍. കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ കെട്ടിടങ്ങളൊക്കെ നിലം പൊത്തിയതോടെ കെട്ടിട നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നാണ് ആരോപണം. കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് 600ലധികം ആളുകളെ കുറിച്ച് അന്വേഷിക്കുന്നതായി നീതിന്യായ വകുപ്പ് മന്ത്രി ബെക്കിര്‍ ബോസ്ഡാഗ് പറഞ്ഞു. ദുരന്തം ബാധിച്ചവയില്‍ 10 പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന തെക്കു കിഴക്കന്‍ നഗരമായ ദിയാര്‍ബക്കിറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 79 പേര്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍മാരാണ്. 74 പേര്‍ കെട്ടിട നിര്‍മ്മാണത്തിന് നിയമാനുമതി നല്‍കിയതുമായി ബന്ധപ്പെട്ടവരാണ്, കൂടാതെ 13 കെട്ടിടം ഉടമകള്‍, വീടിന് നവീകരണം നടത്തിയ 18 പേര്‍ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. 520,000 അപ്പാര്‍ട്ടുമെന്റുകളടങ്ങുന്ന 160,000 -ത്തിലധികം കെട്ടിടങ്ങള്‍ തുര്‍ക്കിയില്‍ തകര്‍ന്നു വീഴുകയോ, സാരമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിട്ടാണ് തുര്‍ക്കിയിലെ ഭൂകമ്പത്തെ കണക്കാക്കുന്നത്. തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 44,128 ആയി മാറി.