Mon. Dec 23rd, 2024

റോം: ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ 59 പേര്‍ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ ഉണ്ടായിരുന്ന ബോട്ട് തീരത്തടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന 80 തോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അഗ്നിശമന സേന പറഞ്ഞു. കൂടുതല്‍ പേര്‍ക്കായി കടലിലും കരയിലുമായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മെഡിറ്ററേനിയന്‍ കടലിലെ മോശപ്പെട്ട കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുകയാണ്. കോസ്റ്റ്ഗാര്‍ഡിനോടൊപ്പം അഗ്‌നിശമന സേനാംഗങ്ങള്‍, പോലീസ്, റെഡ്‌ക്രോസ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ദുഃഖം രേഖപ്പെടുത്തി. സുരക്ഷിതമല്ലാത്ത യാത്ര കൊണ്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഇത് സങ്കടകരമാണന്നും മെലോണി കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികള്‍ ബോട്ടിലൂടെ യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും കുറച്ചു കൂടി ശക്തമായ നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവടങ്ങളിലെ അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം