Mon. Dec 23rd, 2024

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി. രാജ്യ താല്‍പര്യം ലക്ഷ്യം വെച്ചാണ് പദ്ധതിയെന്നും ഹൈക്കോടതി പറഞ്ഞു. സെന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്നും കോടതി വ്യക്തമാക്കി. അഗ്നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചതിനെതിരായ ഹര്‍ജിയും തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. അമ്പതിനായിരം യുവാക്കളെ ഓരോ വര്‍ഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ളതാണ് അഗ്നിപഥ് പദ്ധതി. മൂന്ന് സേനകളുടെയും തലവന്മാരാകും ഇത് പ്രഖ്യാപിക്കുക. ഇതിലൂടെ പതിനേഴര മുതല്‍ ഇരുപത്തിയൊന്ന് വയസുവരെ പ്രായമുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരം ലഭിക്കും. ആറ് മാസത്തെ പരിശീലനം ഉള്‍പ്പെടെ നാല് വര്‍ഷത്തേക്ക് 30000 രൂപ മാസ ശമ്പളത്തോടെയാകും നിയമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം