Wed. Dec 18th, 2024

അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങല്‍ തുടങ്ങി സര്‍ക്കാര്‍. ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് വീടുകള്‍ വെച്ചു നല്‍കാന്‍ പോവുകയാണ്. 520,000 അപാര്‍ട്‌മെന്റുകളടങ്ങിയ160,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ആദ്യഘട്ടത്തില്‍ 1500 കോടി ഡോളര്‍ ചെലവിട്ട് രണ്ടുലക്ഷം അപാര്‍ട്‌മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് തുര്‍ക്കി സര്‍ക്കാരിന്റെ പദ്ധതിയിടുന്നത്. പുനരധിവാസത്തിനായി 2500 കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് യുഎസ് ബാങ്ക് ജെപി മോര്‍ഗന്‍ കണക്കുകൂട്ടുന്നത്. ഭൂകമ്പത്തില്‍ ഏതാണ്ട് 15 ലക്ഷം ആളുകള്‍ ഭവനരഹിതരായെന്നാണ് യുഎന്‍ഡിപിയുടെ റിപ്പോര്‍ട്ട്. അതില്‍ അഞ്ചുലക്ഷത്തിന് പുതിയ വീട് അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുമാസത്തിനകം തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഒരു വര്‍ഷത്തിനകം ഭൂകമ്പത്തില്‍ വീട് നഷ്ടമായ എല്ലാവര്‍ക്കും കിടപ്പാടം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. ഈ മാസം ആറിന് ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 44,218 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീടുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ടെന്‍ഡറുകളും കോണ്‍ട്രാക്റ്റുകളും ഒപ്പുവെച്ചു. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം