Wed. Dec 18th, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തട്ടിപ്പുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. വിജിലന്‍സ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ തട്ടിപ്പുകളിലാകും ആദ്യം അന്വേഷണം നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

പാവപ്പെട്ട ആളുകള്‍ക്ക് ലഭിക്കേണ്ട സഹായമാണ് വ്യാജരേഖ ചമച്ച് അയോഗ്യരായ ആളുകള്‍ തട്ടിയെടുത്തത്. ഏജന്റുമാരുടെ നേതൃത്വത്തിലാണ് വന്‍തോതില്‍ തട്ടിപ്പ് നടക്കുന്നത്. നൂറിലധികം അപേക്ഷകളില്‍ പോലും ഒരേ ഏജന്റിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടര്‍ തന്നെ നിരവധി പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വരുമാനം കുറച്ച് കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം