Wed. Nov 6th, 2024

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. കോഴിക്കോട് നിന്ന് ദമാമിലേക്കുള്ള വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. പറന്നുയര്‍ന്നതിന് പിന്നാലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തില്‍ 182 യാത്രക്കാരുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. സുരക്ഷിതമായാണ് ലാന്റ് ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വിമാനത്തിന് ഹൈഡ്രോളിംഗ് തകരാര്‍ മാത്രമാണ് ഉള്ളത്.

ടേക്ക് ഓഫ് ചെയ്ത ശേഷം കുറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ ലാന്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം