Mon. Dec 23rd, 2024

പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപിലേക്ക് വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തെ കടലിലാണ് നാല് ഹ്വാസല്‍2- മിസൈലുകള്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയയിലെ ഹാം യോങ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. ശത്രുസൈന്യങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ആണവ പ്രത്യാക്രമണ കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്.

നാല് ക്രൂയിസ് മിസൈലുകളും 2000 കിലോമീറ്റര്‍ ദൂരത്തില്‍ ദിര്‍ഘവൃത്താകൃതിയിലുള്ളതും എട്ട് ആകൃതിയിലുള്ളതുമായ ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി. മിസൈല്‍ വിക്ഷേപണം വിജയകരമായതില്‍ സന്തോഷം പ്രകടിപ്പിച്ച സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ശത്രുക്കള്‍ക്കെതിരായ ആണവപരീക്ഷണത്തിന് ഇത് കൂടുതല്‍ ശക്തി പകരുമെന്ന് പ്രതികരിച്ചതായി കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയുടെ ഈ നീക്കത്തിന് പിന്നാലെ കൊറിയന്‍ ഉപദ്വീപില്‍ ആശങ്ക ഉയരുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം