Wed. May 8th, 2024

ഷിലോംഗ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ബിസിസിഐ സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 24 ന് ബിസിസിഐയുടെ അലോട്ഗ്ര സ്‌റ്റേഡിയത്തിലാകും റാലി നടത്തുക. നേരത്തെ തുറയിലെ പിഎസ് സാഗ്മ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആയിരുന്നു തെരഞ്ഞെടുപ്പ് റാലിക്കായി ബിജെപി സമീപിച്ചിരുന്നത്. എന്നാല്‍ മേഘാലയ കായിക വകുപ്പ് സ്റ്റേഡിയത്തിന് അനുമതി നല്‍കിയിരുന്നില്ല എന്നായിരുന്നു ബിജെപിയുടെ ആരോപണം. മേഘാലയിലെ ബിജെപി തരംഗത്തെ ഭയന്നാണ് എന്‍പിപി ബിജെപിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് എന്നായിരുന്നു ബിജെപി പറഞ്ഞത്. അതേസമയം, ബിജെപിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് എന്‍പിപിയുടെ നേതാവും മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സംഗ്മ രംഗത്തെത്തി. റാലിക്ക് ഒരിക്കലും അനുമതി നിഷേധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അനുമതി നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോ കായിക വകുപ്പിനോ ഇതില്‍ യൊതൊരുവിധ പങ്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ വിഷയത്തില്‍ തന്നെയും എന്‍പിപിയെയും അനാവശ്യമായി വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചത്തെ റാലിക്ക് ശേഷം തൊട്ടടുത്ത ദിവസം മേഘാലയില്‍ ഒരു റോഡ് ഷോയും പ്രധാനമന്ത്രി നടത്തും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം