Mon. Dec 23rd, 2024

പ്യോങ്യാങ്: ഉത്തര കൊറിയ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി നിയന്ത്രണങ്ങളും മോശം കാലാവസ്ഥയുമാണ് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഭക്ഷ്യക്ഷാമം പതിവാണെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവിലെ സ്ഥിതി കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ഷിക നയത്തിലെ അടിസ്ഥാനപരമായ മാറ്റം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ യോഗം ചേരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അതേസമയം, ദക്ഷിണ കൊറിയന്‍ സര്‍ക്കാരും ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാമിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഉത്തരകൊറിയയില്‍ ഭക്ഷ്യോത്പാദനം 2021നെ അപേക്ഷിച്ച് 2022 ല്‍ 1,80,000 ടണ്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മോശമായ രണ്ടാമത്തെ വരള്‍ച്ചയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ വര്‍ഷം ഭക്ഷ്യവില കുതിച്ചുയരുകയാണ്. അരിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചോളത്തിന്റെ വില 2023 ന്റെ തുടക്കത്തില്‍ 20 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. കര്‍ശനമായ കോവിഡ് നിബന്ധനകള്‍ കാരണം പുറത്തുനിന്നുള്ള ആര്‍ക്കും രാജ്യത്തേക്ക് പോയി അവിടുത്തെ സാഹചര്യം എന്താണെന്ന് പരിശോധിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് എന്‍കെ ന്യൂസിലെ അനലിസ്റ്റ് ജെയിംസ് ഫ്രെറ്റ്വെല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്തിന് പുറത്തുള്ള സംഗടനകള്‍ക്ക് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ കഴിയില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം