Wed. Nov 6th, 2024
Google (1)

ഗൂഗിളിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് രൂപീകരിക്കുന്നു. ഗൂഗിളിലെ മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്കും അദ്ദേഹത്തോടൊപ്പം പിരിച്ചുവിടപ്പെട്ട ആറ് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പിരിച്ചുവിട്ട മൂന്ന് ലക്ഷത്തിലധികം ടെക് ജീവനക്കാര്‍ക്ക് അതിജീവനം കൂടിയാണ് ഈ പദ്ധതി. തൊഴില്‍ നഷ്ടമായവര്‍ക്കുള്ള ധാര്‍മ്മിക പിന്തുണയ്ക്കായി സൃഷ്ടിച്ച ഒരു ഗ്രൂപ്പ് ചാറ്റില്‍ നിന്നാണ് കിര്‍കിന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് രൂപം കൊള്ളുന്നത്. സ്റ്റാര്‍ട്ടപ്പുകളെ ഫണ്ട് സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിനും മുന്‍ ഗൂഗിള്‍ ജീവനക്കാരടക്കം ജോലി നഷ്ടമായവരെ സഹായിക്കലുമൊക്കെയാണ് ലക്ഷ്യം. കമ്പനികള്‍ക്കായി ഡിസൈന്‍ ടൂളുകളും ഗവേഷണ സേവനങ്ങളുമാകും കിര്‍ക് പുതിയ സംരംഭത്തിലൂടെ നല്‍കുക.

അതേസമയം, ഗൂഗിളില്‍ നിന്നുള്ള അനുഭവപരിചയമുള്ള അദ്ദേഹത്തിന്റെ ടീമും അതിനായി പ്രവര്‍ത്തിക്കും. ഇതുവരെ തങ്ങളുടെ സ്റ്റാര്‍ട്ടപ്പിനൊരു പേര് അവര്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് സമാരംഭിക്കുന്നതിനുള്ള സമയപരിധിയായി മാര്‍ച്ച് അവസാനം നിശ്ചയിച്ചിട്ടുണ്ട്. എട്ട് വര്‍ഷം ജോലി ചെയ്ത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കിര്‍കിനെ പിരിച്ചുവിട്ടത്. തന്റെ വര്‍ക് ഇ-മെയിലിലേക്കും സിസ്റ്റത്തിലേക്കും പ്രവേശിക്കാന്‍ കിര്‍കിന് കഴിയാതെ വന്നതോടെയാണ് തന്റെ ജോലി നഷ്ടമായെന്ന് അദ്ദേഹത്തിന് മനസിലായത്. പിരിച്ചുവിടലുകള്‍ ഇപ്പോഴും ഗൂഗിളിന്റെ ആഗോള തലത്തിലുള്ള തൊഴിലാളികളെ ബാധിക്കുന്നുണ്ട്. കൂടാതെ 1.5 ലക്ഷം ആളുകളെ പിരിച്ചുവിടണമെന്നാണ് പ്രധാന നിക്ഷേപകനായ ക്രിസ്റ്റഫര്‍ ഹോണ്‍ ആവശ്യപ്പെടുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം