ഹതായ്: പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ ആഘാതം കെട്ടടങ്ങും മുന്‍പെ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ ഹതായ് പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്. അന്റാക്യ, ഡെഫ്‌ന, സമന്ദാഗ് എന്നിവടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. 213 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി സൂയ്‌ലിമാന്‍ സോയ്‌ലി അറിയിച്ചു. അപകട സാധ്യതയുള്ള കെട്ടിടങ്ങളില്‍ പ്രവേശിക്കരുതെന്ന് ആളുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പ് നാശം വിതച്ച ദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കവെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. നേരത്തെയുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 44,000 പേര്‍ മരിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു.