അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30-ന് ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം അറ്റകുറ്റപ്പണിയിലെ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തുരുമ്പുപിടിച്ച കേബിളുകള്‍ മാറാതിരുന്നതും പുതിയ സസ്‌പെന്‍ഷനുകള്‍ തുരുമ്പുപിടിച്ച പഴയവയുമായി വെല്‍ഡ് ചെയ്തതു കൊണ്ടാണ് പാലം തകര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലം തകര്‍ന്ന് 135 പേരാണ് മരിച്ചത്.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാര്‍ നല്‍കിയത് അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിന് (ഒറീവ ഗ്രൂപ്പ്) ആയിരുന്നു. 1887ല്‍ മാച്ചു നദിക്കു കുറുകെ നിര്‍മിച്ച പാലത്തിന്റെ 2 പ്രധാന കേബിളുകളുടെ ഉള്ളിലെ കമ്പികള്‍ തുരുമ്പെടുത്ത് നശിച്ചിരുന്നെങ്കിലും അവ മാറിയിരുന്നില്ല. ഓരോ കേബിളിലും 49 കമ്പികളുണ്ടായിരുന്നതില്‍ 22 എണ്ണം ദ്രവിച്ചതായി കണ്ടെത്തി. അപകടമുണ്ടായപ്പോള്‍ ബാക്കി 27 പൊട്ടുകയും ചെയ്തു. ഐഎഎസ് ഓഫിസര്‍ രാജ്കുമാര്‍ ബേനിവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ക്രമക്കേടുകള്‍ നടന്നതായി പറയുന്നത്.