ഗുരുഗ്രാം: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹരിയാന ജിര്‍ക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ പൊലീസിനെതിരെ പ്രതികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനെദിനയും നസീറിനെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്ന എന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കാനാണ് ഉത്തരവിട്ടത്.
കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍ പൊലീസിന് മുന്നില്‍ എത്തിച്ചിരുന്നുവെന്നാണ് മൊഴി. എന്നാല്‍ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും പ്രതി പറഞ്ഞു. അതിനുശേഷമാണ് അവര്‍ മരിച്ചതെന്നും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് പ്രതി മൊഴി നല്‍കിയത്. എഎസ്പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതു വരെ പ്രതിഷേധം തുടരുമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.